lpgterminal

കൊച്ചി : കേരളത്തിലെ എൽ.പി.ജി ബോട്ട്‌ലിംഗ് പ്ളാന്റുകൾക്ക് സമീപം റെയിൽപാതകളില്ലാത്തതിനാൽ വലിയ ടാങ്കറുകൾ ഉപയോഗിച്ച് റോഡ് മാർഗമേ പാചക വാതകം ഇവിടെ എത്തിക്കാനാവൂവെന്ന് എണ്ണ കമ്പനികൾ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മംഗലാപുരത്തു നിന്നും ചേളാരിയിൽ നിന്നും വലിയ ടാങ്കറുകളിൽ എൽ.പി.ജി പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോകുന്നത് അപകടകരമായ സാഹചര്യമാണെന്നാരോപിച്ച് മണ്ണാർക്കാട് സ്വദേശി ജോസ് ബേബി നൽകിയ ഹർജിയിലാണ് വിശദീകരണം.

ബോട്ട്ലിംഗ് പ്ളാന്റുകളിലേക്ക് റെയിൽപാത സ്ഥാപിക്കുകയും റെയിൽവെ മതിയായ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നതുവരെ നിലവിലെ സ്ഥിതി തുടരേണ്ടി വരും. മറിച്ചുള്ള നടപടി സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ അറിയിച്ചു.

എൽ.പി.ജി ടാങ്കറുകൾ ഉൾപ്പെട്ട അപകടങ്ങൾ പതിവാണെന്നും ഇതു തടയാൻ നടപടി വേണമെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ വലിയ ദുരന്തം ഒഴിവാക്കാൻ റെയിൽ മാർഗം എൽ.പി.ജി കൊണ്ടുപോകാൻ നിർദ്ദേശിക്കണമെന്നും പറഞ്ഞിരുന്നു. എണ്ണ കമ്പനികൾ എൽ.പി.ജി ട്രക്കുകൾക്കു വേണ്ടി ഒരുക്കിയ സുരക്ഷാ സൗകര്യങ്ങൾ വ്യക്തമാക്കി സമർപ്പിച്ച സത്യവാങ്മൂലം കണക്കിലെടുത്ത ഡിവിഷൻ ബെഞ്ച് സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തി ഹർജിയിലെ തുടർ നടപടി അവസാനിപ്പിച്ചു.