മരട്: മരടിലെ ഫ്ളാറ്റുകൾ പൊളിക്കലിൽ പരിസരവാസികൾ നേരിടുന്ന ഭയാശങ്കകൾ പരിഹരിക്കുന്ന കാര്യംഅനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പ്രതിനിധിസംഘത്തിന് ഉറപ്പുകൊടുത്തു.
ഫ്ളാറ്റിന്റെ വിവിധ ഭാഗങ്ങൾ യന്ത്രസഹായംകൊണ്ട് പൊളിക്കുമ്പോൾ പരിസരത്തെ നിരവധിവീടുകൾക്ക് വിള്ളലുകളും കേടുപാടുകളും ഉണ്ടാകുന്ന പരാതികൾ ഉയരുന്നുണ്ട്. പലരും താമസം തന്നെ മാറ്റി. നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരുറപ്പും കിട്ടാത്തതിനാൽ
അനിശ്ചതിതകാല പട്ടിണിസമരം ഇന്ന് ആരംഭിക്കാനിരിക്കെയാണ് എം.സ്വരാജ് എം.എൽ.എ മുഖാന്തിരം മുഖ്യമന്ത്രിയുമായി ചർച്ച നടന്നത്. നഗരസഭ ചെയർപേഴ്സൻ ടി.എച്ച് നദീറയുടെ നേതൃത്വത്തിലാണ് നിവേദകസംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തുടർന്ന് പട്ടിണിസമരം അഞ്ച് ദിവസത്തേക്കമാറ്റിവച്ചതായി ടി.എച്ച്.നദീറ അറിയിച്ചു.
സമരസമിതി ചെയർപേഴ്സൺ ദിഷപ്രതാപൻ, നഗരസഭവൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, സമരസമിതി കൺവീനർകെ.ആർ.ഷാജി, ഖദീജത്തുൽഖുബ്റ, മുഹമ്മദ് ഷിഹാബുദ്ദീൻ,സി.പി.എം.ലോക്കൽസെക്രട്ടറി ഷാനവാസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.