1
തൃക്കാക്കര സി.ഐ ഷാബുവിന്റെ നേതൃത്വത്തിൽ ബസ് പരിശോധിക്കുന്നു

തൃക്കാക്കര : സ്വകാര്യബസിന്റെ വാതിൽ അടിച്ചുകൊണ്ട് കാക്കനാട് തുതിയൂർ കണ്ണിച്ചിറ വീട്ടിൽ പ്രകാശന്റെ മകൻ ആകാശിന്റെ (11 ) തലയ്ക്ക് പരിക്കേറ്റ സംഭവത്തിന് കാരണമായത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് പ്രാഥമിക നിഗമനം.

അപകടത്തിനിടയാക്കിയ ബസ് തൃക്കാക്കര സി.ഐ ഷാബുവിന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. ഡ്രൈവർ സീറ്റിനരികിലെ വാതിലിന് തകരാറും കണ്ടെത്തി. ശരിയായി അടക്കാനും തുറക്കാനും സാധിക്കാത്ത നിലയിലാണ് വാതിൽ. തൃക്കാക്കര പൊലീസ് കസ്റ്റഡിയിലുള്ള ബസ് കൂടുതൽ പരിശോധനക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറും.
ബസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി ശരത്തിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. തിങ്കൾ രാവിലെ 11ന് തൃക്കാക്കര നഗരസഭാ കാര്യാലയത്തിനു സമീപം വച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിൽ ആകാശിന്റെ തലയിൽ കൊണ്ടത്. ബന്ധുക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ആകാശ്.

അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും ആരോഗ്യ നിലയിൽ മാറ്റമില്ല. തൃക്കാക്കര പൊലീസിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഓ മനോജ്കുമാർ പറഞ്ഞു.

ബസ് ഡ്രൈവറുടെ ഉയരത്തിലുള്ള വാതിൽ തുറന്നുപോയാൽ ഇരുചക്ര വാഹനത്തിലുള്ളവർക്ക് എങ്ങനെ പരിക്കേൽക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചാൽ ബസ് ഉടമക്കും,ഡ്രൈവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. പൊലീസ് അന്വേഷണ റിപ്പോർട്ട് നാളെ ആർ .ടി .ഓക്ക് കൈമാറും.