കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് അന്നത്തെ ജില്ലാ കളക്ടർ ഷൈനമോൾ ഉൾപ്പെടെയുള്ളവർ ഉത്തരവാദികളാണെന്നും എം.പിയായിരുന്ന പീതാംബരക്കുറുപ്പ് വെടിക്കെട്ടിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടത്തിനുമേൽ സ്വാധീനം ചെലുത്തിയെന്നും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലായ് 17 ന് കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയെങ്കിലും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. 2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 110 പേരുടെ ജീവൻ നഷ്ടമായ വെടിക്കെട്ട് ദുരന്തമുണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് എൻ. കൃഷ്ണൻനായർ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നെങ്കിലും മതിയായ സൗകര്യങ്ങൾ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു. തുടർന്ന് 2017 ഫെബ്രുവരി എട്ടിനാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷനെ നിയോഗിച്ചത്.
കണ്ടെത്തലുകൾ
കളക്ടറും എ.ഡി.എമ്മും ബദൽ സംവിധാനം ഏർപ്പെടുത്താതെ മാറിനിന്നു. ഇതിനാൽ വെടിക്കെട്ടിന് അനുമതി തേടിയുള്ള പൊലീസിന്റെ രണ്ടാം റിപ്പോർട്ടിൽ തീരുമാനമുണ്ടായില്ല.
അനുമതി നിഷേധിച്ചത് കൃത്യമായി അറിയിച്ചിരുന്നെങ്കിൽ വെടിക്കെട്ട് നടക്കുമായിരുന്നില്ല. പൊലീസ് ഉൾപ്പെടെയുള്ളവരെ ഏകോപിപ്പിക്കുന്നതിലും കളക്ടർക്ക് വീഴ്ചപറ്റി.
വെടിക്കെട്ട് തടയാൻ അനുമതി തേടിയ തഹസിൽദാരെ എ.ഡി.എം നിരുത്സാഹപ്പെടുത്തി. പൊലീസിന് മതിയായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു എ.ഡി.എം പറഞ്ഞത്.
വെടിക്കെട്ട് നടത്താൻ എ.ഡി.എം മൗനാനുവാദം നൽകി. അനുമതിയില്ലാതെ വെടിക്കെട്ടു നടത്തുന്നത് സി.ഐയും എസ്.ഐയും കണ്ടില്ലെന്ന് നടിച്ചു.
75 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും പകുതിയിലേറെപ്പേരും വന്നില്ല. എണ്ണം കുറഞ്ഞതോടെ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു.
വെടിക്കെട്ട് നടത്തുന്നതിന് 2007 ൽ ഡി.ജി.പി നൽകിയിരുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ല. അസി. കമ്മിഷണർ പരോക്ഷമായി വെടിക്കെട്ടിന് അനുമതി നൽകുന്ന നിലപാടാണ് സ്വീകരിച്ചത്.
വെടിക്കെട്ട് നടത്താൻ എ.ഡി.എം ആദ്യം സമ്മതിച്ചില്ല. പീതാംബരക്കുറുപ്പിന്റെ ഇടപെടലിനെത്തുടർന്നാണ് ഈ തീരുമാനം മാറ്റിയത്.