കൊച്ചി: കേരളത്തിൽ ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ചട്ടമ്പിസ്വാമികളും പടുത്തുയർത്തിയ മതസൗഹാർദവും മാനവമൈത്രിയും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഭരണപ്രതിപക്ഷ കക്ഷികൾ തകർക്കുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ പറഞ്ഞു. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി പാലാരിവട്ടത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമം: കാണാപ്പുറങ്ങൾ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഭാരതത്തിലെ ഒരു പൗരനെയും ദോഷകരമായി ബാധിക്കുന്ന ഒന്നല്ല. ഈ നിയമത്തിന്റെ പേര് പറഞ്ഞ് കേരളത്തിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ പൊതുമുതൽ നശിപ്പിക്കുവാൻ നേതൃത്വം കൊടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ്, ജില്ലാ സെക്രട്ടറി എം.എ വാസു, ജില്ലാ ജോ. സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്.സജി, ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, ബി.ടി ഹരിദാസ്, എം.ടി അപ്പു, അഡ്വ. അശോകൻ, കെ.എം ബിജു, എം.ബി ജിനീഷ്, ധന്യ ഷാജി, അനില സുരേന്ദ്രൻ, ധന്യ അഭിലാഷ്, കെ.കെ പീതാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു.