വൈപ്പിൻ : ചെറുമീൻ പിടിത്തം സംബന്ധിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ ഫിഷറീസ് മറൈൻ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി മുനമ്പം യന്ത്രവൽകൃത മത്സ്യബന്ധനപ്രവർത്തക സംഘം ആരോപിച്ചു. . ബോട്ടിൽ പിടിച്ചു കൊണ്ട് വരുന്ന മീനുകളിൽ 40 ശതമാനത്തിൽ കൂടുതൽ ചെറുമത്സ്യം ഉണ്ടെങ്കിൽ മാത്രമേ ബോട്ടുകൾക്കെതിരെ നടപടി എടുക്കാവൂഎന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ ബോട്ടിലുള്ള വിവിധതരം മത്സ്യങ്ങൾ വേർതിരിച്ച് ഓരോ ഇനത്തിലും 40 ശതമാനത്തിൽ കൂടുതൽ ചെറുമത്സ്യം ഉണ്ടെങ്കിൽ പിഴഈടാക്കുന്നു. ബോട്ട് കസ്റ്റഡിയിൽ എടുക്കുമ്പോൾ തർക്കമുണ്ടായാൽ മഹസർ ബോട്ടുടമകളുടേയും തൊഴിലാളികളുടെയും സാന്നിദ്ധ്യത്തിൽ വീഡിയോ എടുത്ത് സൂക്ഷിക്കാനും കളക്ടർക്ക് അപ്പീൽ കൊടുക്കാനും മന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇപ്പോൾ നടപ്പിലാക്കുന്നില്ല.തീരുമാനം അട്ടിമറിക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് മുനമ്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തകസംഘം ഭാരവാഹികളായ സുധാസ് തായാട്ട്, കെ ബി രാജീവ്, പി ബി സാംബൻ, ജോസഫ് ഒളാട്ടുപുറം, ഒ എ ജെൻഡ്രിൽ, പി എ വേണു എന്നിവർ പറഞ്ഞു.