ആലുവ: എടത്തലയിൽ ഭരണ - പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ വ്യാപകമായി പാടം നികത്തുന്നതായി പരാതി. പഞ്ചായത്ത് ഭരണസമിതിയും റവന്യു ഉദ്യോഗസ്ഥരുമെല്ലാം ഭൂമാഫിയയുടെ പിടിയിലമർന്നുവെന്നാണ് ആരോപണം.
അവധി ദിവസങ്ങളുടെയും രാത്രിയുടെയും മറവിലാണ് എടത്തല ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ അംഗൻവാടിക്ക് സമീപം അൻപതേക്കറോളം വരുന്ന ചിപ്പുങ്ങൽ പാടശേഖരം മണ്ണിട്ട് നികത്തുന്നത്. പാടശേഖരത്തിലെ പത്തേക്കറോളം ആറടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിക്കഴിഞ്ഞു. നാട്ടുകാരുടെ പരാതി ആരും ഗൗനിക്കുന്നില്ല. പത്ത് സെന്റ് വീതം പ്ളോട്ടുകളാക്കി കരിങ്കൽ കെട്ടി തിരിക്കുന്നതും ഒരു ഭാഗത്ത് നടക്കുന്നു. പഞ്ചായത്തിൽ നിന്നും അനുമതി ഇല്ലാതെയാണ് നിർമ്മാണം .
# പ്രതിഷേധവുമായി ബി.ജെ.പി
എടത്തല ഗ്രാമപഞ്ചായത്തിലെ ചിപ്പുങ്ങൽ പാടശേഖരം അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാടത്ത് നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും നിർമ്മാണം പൊളിപ്പിക്കണമെന്നും ബി.ജെ.പി കമ്മറ്റി ആവശ്യപ്പെട്ടു. യോഗം മണ്ഡലം വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അപ്പു മണ്ണാച്ചേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന സംസാരിച്ചു.