ആലുവ:ഏറ്റവും പ്രായം കുറഞ്ഞ ജീവകാരുണ്യ പ്രവർത്തക എന്ന അംഗീകാരം നേടിയ ല്യാന തേജസ് തങ്കച്ചന് ശ്രീനാരായണ പ്രതിഭാ അവാർഡ് 2019' നൽകും. ബഹ്‌റിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുരുഗീതമാണ് ല്യാനയെ അവാർഡ് നൽകി ആദരിക്കുന്നത്. 2019 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമാണ് നൽകുന്നത്.
ഡിസംബർ നാളെ ശിവഗിരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ല്യാനയ്ക്ക് അവാർഡ് സമ്മാനിക്കും. കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയും വഴിവക്കിൽ അന്തിയുറങ്ങുന്നവർക്ക് ആഹാരവും മരുന്നും എത്തിച്ചും വികലാംഗർക്ക് വീൽചെയർ നൽകിയും നാല് വയസ് മുതൽ സാമൂഹ്യ പ്രവർത്തന രംഗത്ത് മാതൃകയാണ് ഈ എട്ടു വയസുകാരി. ആലുവ നേതാജി റോഡിൽ തങ്കച്ചൻ മണർകാടിന്റെയും സിനിമോളുടെയും ഏക മകളാണ്. കാടക്കോഴികളെ വളർത്തിയും അടുപ്പമുള്ളവർ സഹായിച്ചുമാണ് ല്യാന സാമൂഹ്യപ്രവർത്തനത്തിന് പണം കണ്ടെത്തിയത്.