accident

കോലഞ്ചേരി: വീട്ടുകാരോട് പിണങ്ങിയിറങ്ങിയ പെൺകുട്ടിയും കാമുകനും ബൈക്കപകടത്തിൽ മരിച്ചു. പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (20), ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം (24) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ രണ്ടിന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളകത്തിനടുത്ത് നിറുത്തിയിട്ട ടിപ്പറിന്റെ പിന്നിൽ ഇവർ സഞ്ചരിച്ച യമഹ ഫേസർ ബൈക്കിടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹങ്ങൾ കണ്ട് മൂവാറ്റുപുഴ പൊലീസിനെ അറിയിച്ചത്.

പള്ളിക്കരയ്ക്കടുത്ത് വെമ്പിള്ളിയിൽ കാക്കനാട് നിന്നു വന്ന് താമസിക്കുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. മാതാവ് മാസങ്ങൾക്ക് മുമ്പ് പിണങ്ങി പോയിരുന്നു. പിതാവ് വീട്ടിൽ പതിവായി എത്താറില്ല. സഹോദരൻ സാഗർ ആന പാപ്പാനാണ്. പെൺകുട്ടി തന്റെ വീടിന് സമീപമുള്ള അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിച്ചത്. ഇപ്പോൾ പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് വീട്ടിൽ വന്നതാണ്. പെൺകുട്ടി വീട് വിട്ടിറങ്ങുമ്പോൾ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ശ്രാവണിയുടെ അമ്മൂമ്മയുടെ വീട് ചോറ്റാനിക്കരയിൽ ശ്യാമിന്റെ വീടിനടുത്താണ്. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുമ്പനത്ത് കൊച്ചിൻ സുരക്ഷ ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറാണ് ശ്യാം. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിക്കു കയറിയത്. ശബരിമലയ്ക്ക് പോയ ശേഷം ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. അമ്മ മിനി. സഹോദരി:ശരണ്യ

ശ്യാമിന്റെ സംസ്കാരം നടന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശ്രാവണിയുടെയും ശ്യാമിന്റെയും പ്രണയത്തിന് വീട്ടുകാർ എതിരായിരുന്നു. ശ്രാവണിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിച്ചു. എന്നാൽ ശ്രാവണി സമ്മതിച്ചില്ല. ഇക്കാര്യം പറഞ്ഞ് കഴിഞ്ഞ ദിവസവും വഴക്കുണ്ടായി.

വ്യാഴാഴ്ച പുലർച്ചെ 12.30 ന് ശ്രാവണി വിളിച്ചതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാനാണ് ശ്യാം എത്തിയത്. ശ്രാവണി തന്നോടൊപ്പമുണ്ടെന്നും അന്വേഷിക്കേണ്ടതില്ലെന്നും ശ്യാം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്നുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ശ്യാമും ശ്രാവണിയും മൂവാറ്റുപുഴ ഭാഗത്തേക്ക് എന്തിനാണ് പോയതെന്ന് വ്യക്തമായിട്ടില്ല.