മൂവാറ്റുപുഴ: കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് വാഴക്കുളത്ത് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് നാളികേര ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. രോഗബാധിതയായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻ തൈകൾ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണർ , മോട്ടോർ, ഇറിഗേഷൻ പ്രൊജക്ടുകൾ അടക്കമുള്ള ജലസേചന പദ്ധതികൾ, യന്ത്രങ്ങൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഉലാപാദനവും, വിപണനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തല കർഷക സമതിയും, വാർഡ് തല കേരസമതിയും പദ്ധതിക്കായി രൂപികരിക്കും. കാർഷിക മേഖലയായ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ തെങ്ങ് കൃഷി ഉണ്ടായിരുന്ന പഞ്ചായത്തുകളായ കല്ലൂർക്കാട്, മഞ്ഞല്ലൂർ, ആയവന പഞ്ചായത്തുകൾ, എന്നാൽ റബ്ബർ അടക്കമുള്ള കൃഷിയുടെ കടന്നുവരവും, നാളികേരത്തിന്റെ വിലയിടിവും, തെങ്ങുകൾക്കുണ്ടാകുന്ന സാക്രമീക രോഗങ്ങളും ഉണ്ടായതോടെ തെങ്ങു കൃഷിയെ പിന്നോട്ട് അടിപ്പിക്കുകയായിരുന്നു. തെങ്ങുകൃഷിയുടെ പഴയ പ്രധാപകാലം പഞ്ചായത്തിൽ വീണ്ടെടുക്കാനാണ് കേരഗ്രാമം. പദ്ധതിയ്ക്കായി മഞ്ഞള്ളൂർ, കല്ലൂർക്കാട് ആയവന പഞ്ചായത്തുകളെ തെരഞ്ഞെടുത്തതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കഴിഞ്ഞ വർഷം നിയോജക മണ്ഡലത്തിലെ പായിപ്ര, വാളകം ഗ്രാമപഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭയിലും കേര ഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതിക്കായി കൃഷി വകുപ്പിൽ നിന്നും 50.17 ലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു.

പദ്ധതി നടപ്പിലാക്കുന്നത് കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന ഗ്രാമപഞ്ചായത്തുകളിൽ

പദ്ധതിയ്ക്കായി കൃഷി വകുപ്പിൽ നിന്നും 50ലക്ഷം രൂപ

ടെക്‌നിക്കൽ റിസോഴ്‌സ് ഗ്രൂപ്പ്

പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, കൃഷി ഓഫീസർ കൺവീനറുമായി രൂപികരിക്കുന്ന പഞ്ചായത്ത് തല ടെക്‌നിക്കൽ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം.