കൊച്ചി: രാജ്യത്തിന് മാതൃകയായി സംസ്ഥാനം കൊണ്ടുവന്ന ശുചിത്വസാഗരം കൊച്ചീതീരത്ത് നടപ്പിലാകുമോ എന്ന് ഉറ്റുനോക്കുകയാണ് തീരദേശവാസികൾ. ജനുവരി ഒന്ന് മുതൽ പ്ളാസ്റ്റിക് നിയന്ത്രണത്തിലേക്ക് സർക്കാർ കടക്കുമ്പോഴാണ് ശുചിത്വ സാഗരം പദ്ധതി വീണ്ടും ചർച്ചയാകുന്നത്. കൊല്ലം തീരത്ത് നടപ്പിലാക്കിയ ശുചിത്വ സാഗരം പദ്ധതി കൊച്ചിയിലും നടപ്പിലാകണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആഗ്രഹിക്കുമ്പോൾ ആദ്യഘട്ട ആവേശത്തിന് ശേഷം പദ്ധതിയെ പറ്റി മറന്ന മട്ടാണ് ജില്ലയിലെ അധികൃതർ.

ലോക സാമ്പത്തിക ഫോറവും ഐക്യരാഷ്ട്രസഭയും അഭിനന്ദിച്ച പദ്ധതിയാണ് ശുചിത്വസാഗരം. പദ്ധതി വിജയിച്ചതിന് പിന്നാലെ കേരളത്തിലെ മറ്റ് തീരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ഈ വർഷം ആഗസ്റ്റ് വരെ 30 ടൺ പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിച്ചിട്ടുണ്ട്. ഇത് പൊതുമരാമത്ത് വകുപ്പ്,​ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹാർബർ എൻജിനീയറിംഗ് വകുപ്പ് എന്നിവ വഴി റോഡ് ടാറിംഗിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ,​ കടുത്ത സാമ്പത്തിക പ്രതിസന്ധി പദ്ധതിയെയും ബാധിച്ചതായാണ് വിവരം. കൊച്ചീതീരത്ത് പദ്ധതി നടപ്പിലാക്കുമോ എന്നറിയാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.

ശുചിത്വ സാഗരം

2017 നവംബർ മുതലാണ് കൊല്ലം നീണ്ടകരയിൽ ശുചിത്വസാഗരം നടപ്പിലാക്കിയത്. മത്സ്യബന്ധന സമയത്ത് ലഭിക്കുന്ന പ്ളാസ്റ്റിക് മാലിന്യം കരയിലെത്തിച്ച് ഷ്രെഡ്ഡിംഗ് യൂണിറ്റിൽ സംസ്കരിച്ച് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതായിരുന്നു പദ്ധതി. സാഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകൾ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് പ്രവർത്തനം.

'കൊല്ലത്തെ മാതൃകയിൽ കൊച്ചിയിൽ നടപ്പാക്കാനായി ആലോചന നടന്നിരുന്നു. എന്നാൽ, അടുത്ത കാലത്തൊന്നും ഇത് സംബന്ധിച്ച് ചർച്ച നടത്തുകയോ പദ്ധതിയ്ക്കായി തുക വകയിരുത്തുകയോ ചെയ്തിട്ടില്ല. അടുത്ത സാമ്പത്തിക വർഷം ഏപ്രിലിൽ മാത്രമേ ഇനി ഇക്കാര്യത്തിനായി തുക മാറ്റാൻ സാധ്യതയുള്ളൂ.'

മെജോ ജോസഫ്

ഡെപ്യൂട്ടി ഡയറക്ടർ

ഫിഷറീസ്

'നാല് മാസത്തിലേറെയായി കൊല്ലം ഷ്രെഡ്ഡിംഗ് യൂണിറ്റിലെ വനിതകൾക്ക് ശമ്പളം കൊടുത്തിട്ടില്ലെന്നാണ് അറിഞ്ഞത്. സാമ്പത്തിക ബാദ്ധ്യത പദ്ധതി മറ്റ് തീരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് തടസമാകും. കൊച്ചീ തീരത്ത് ശുചിത്വസാഗരം നടപ്പിലാക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. അടുത്ത മാസം നടക്കുന്ന ശില്പശാലയിൽ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. കടലിൽ നിന്ന് പ്ളാസ്റ്റിക് ശേഖരിക്കാൻ മത്സ്യതൊഴിലാളികളെ ബോധവത്കരിക്കും.'

ചാൾസ് ജോർജ്ജ്

മത്സ്യതൊഴിലാളി ഐക്യവേദി