cpi
സി.പി.ഐ കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന പ്രതിഷേധ പ്രകടനം

മൂവാറ്റുപുഴ: കർണാടകയിലെ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് പ്രതിഷേധിച്ചവർക്കെതിരെ വെടിവച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും, പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് കർഫ്യു ലംഘിച്ച് മംഗലാപുരത്ത് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി, കർണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയ്ക്ക് തൊട്ട് പിന്നാലെയാണ് സി.പി.ഐ കർണ്ണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.സി.പി.ഐ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.തുടർന്ന് നടന്ന യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.സനീർ, വിൻസന്റ് ഇല്ലിക്കൽ, എൻ.പി.പോൾ എന്നിവർ സംസാരിച്ചു.