bike-rali-palathuruth-
പാല്യത്തുരുത്ത് പൊതുജന സേവാ സംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വിളംബര ബൈക്ക് റാലി.

പറവൂർ : വടക്കേക്കര പഞ്ചായത്തിൽ പരമ്പരാഗത തൊഴിലാളികളുടെ കൊച്ചുഗ്രാമമായ പാല്യത്തുരുത്തിന്റെ സമസ്ത മേഖലയിലും നിറഞ്ഞുനിൽക്കുന്ന പൊതുജന സേവാസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ, സാംസ്കാരിക, കലാരംഗത്തുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, കായികമേളകൾ, കലാസന്ധ്യകൾ എന്നിവ പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖാ മൈതാനിയിൽ അരങ്ങേറും. ജൂബിലി ആഘോഷങ്ങളും വിളംബരവും പ്രകൃതിസംരക്ഷണ സന്ദേശവും വഹിച്ചുകൊണ്ടുള്ള ബൈക്ക് റാലി വടക്കേക്കര സബ് ഇൻസ്പെക്ടർ ടി.വി. ഷിബു ഫ്ളാഗ് ഓഫ് ചെയ്തു. കായിക മത്സരങ്ങൾ ടി.പി. ശശി ശാന്തി ഉദ്ഘാടനം ചെയ്തു. അമ്പതിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരക്ക് ശ്രീനാരായണ സേവികാശ്രമത്തിലെ സ്വാമിനി ശാരദപ്രിയമാത ഭദ്രദീപം തെളിച്ചു.

ഇന്ന് വൈകിട്ട് ആറിന് സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ടി.എ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഓഫീസ് കമ്പ്യൂട്ടർവത്കരണത്തിന്റെ ഉദ്ഘാടനം എൻ.എം. പിയേഴ്സൺ നിർവഹിക്കും. കലാഭവൻ ജോഷി മുഖ്യാതിഥിയാകും. പ്രദേശത്തെ വ്യവസായ പ്രമുഖരെയും സംഘത്തിന്റെ മുൻകാല സാരഥികളെയും ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. 28 ന് രാവിലെ പത്തിന് അറിയൂ ഇവർ നാടിന്റെ പ്രതികൾ എന്ന സന്ദേശത്തിൽ ചിത്ര, കരകൗശല വസ്തുക്കളുടെ പ്രദർശനം കെ.എ. സദാശിവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് നാവിൻ രുചിക്കൂട്ട് - പാചകമേശ, ആറരയ്ക്ക് പുരുഷന്മാരുടെ തിരുവാതിര, ഏഴിന് പ്രകൃതി സംരക്ഷണസദസ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഐ.എസ്. കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് ഗാനമേള, 29ന് വൈകിട്ട് ആറിന് സമ്മാനദാനം. ഏഴിന് സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിക്കും. രാത്രി എട്ടിന് ഗാനമേളയോടെ സമാപിക്കും.