വൈപ്പിൻ: നാടക-സിനിമാ രംഗങ്ങളിൽ അഭിരുചിയും സംഘടനാപാടവവും നേതൃത്വമനോഭാവവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ വൈപ്പിൻകരയിൽ നിന്ന് തിരഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന നാടക സിനിമാ പഠനക്യാമ്പിന് ഇന്ന് തുടക്കം. നായരമ്പലം വാവയാണ് (വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ) വെളിയത്താംപറമ്പ് ദേവീവിലാസം സ്‌കൂളിൽ 3 ദിവസത്തെ ക്യാമ്പിന്റെ സംഘാടകർ. ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥികളായ 50 പെൺകുട്ടികൾക്കും, 50 ആൺകുട്ടികൾക്കുമാണ് പ്രവേശനം. സാമ്പത്തികമായി താഴെ നിൽക്കുന്ന കുട്ടികളെക്കൂടി ഉൾപ്പെടുത്തുന്നതിനായി 3 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസിന് 50 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. മുഴുവൻ കുട്ടികൾക്കും ക്ലാസിൽ ഭക്ഷണം ഒരുക്കുന്നു.
ഇന്ന് രാവിലെ 9.30ന് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. വാവ പ്രസിഡന്റ് ഞാറയ്ക്കൽ ശ്രീനി അദ്ധ്യക്ഷത വഹിക്കും. എസ്. ശർമ്മ എം.എൽ.എ, വാവ ജനറൽ സെക്രട്ടറി കെ. എസ്. രാധാകൃഷ്ണൻ, ക്യാമ്പ് കോ ഓർഡിനേറ്റർ അനിൽ പ്ലാവിയൻസ്, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, നായരമ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ്, കെ. എസ്. രാജൻ എന്നിവർ സംസാരിക്കും.
29ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം ഉയരെ ഡയറക്ടർ മനു അശോക്ഉദ്ഘാടനം ചെയ്യും. സർട്ടിഫിക്കറ്റ് വിതരണം വാവ രക്ഷാധികാരികൂടിയായ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം നിർവഹിക്കും.സിപ്പി പള്ളിപ്പുറം ക്ലാസിന് തുടക്കം കുറിക്കും. കുട്ടികളുടെ നാടകങ്ങളിലൂടെ പ്രശസ്തനായ ഡയറക്ടർ അരുൺലാൽ, നാടക ഡയറക്ടർ ബിബിൻ പരപ്പനങ്ങാടി , ബെന്നി പി നായരമ്പലം, മനു അശോക്, അനുരാജ് മനോഹർ, പൗളി വത്സൻ, അന്ന ബെൻ എന്നിവർ ക്ലാസെടുക്കും. നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് കെ. രാമൻ വി.എസ്. സജീവൻ, കെ.കെ. ജോഷി, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സിനിമ നിർമ്മിക്കുന്നതിനും ഉദ്ദേശമുണ്ട്.