ആലുവ: ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 'ആലുവ 2020'യുടെ ഭാഗമായി നഗരത്തിൽ ഇന്ന് സാംസ്‌കാരിക ഘോഷയാത്രയും ടൂവീലർ പ്രച്ഛന്നവേഷ മത്സരവും നടക്കും. വൈകിട്ട് നാലിന് എം.ജി ടൗൺഹാളിന്റെ മുന്നിൽ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ളാഗ് ഓഫ് ചെയ്യും.
സാംസ്‌കാരിക ഘോഷയാത്രയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാരമേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഘോഷയാത്രയിൽ കാവടി, ബാൻഡ്മേളം, കോൽകളി, നാസിക് ഡോൾ തുടങ്ങിയ കലാമേളങ്ങളും, 25 ഓളം യുവ റോളർ സ്‌കേറ്റിംഗ് താരങ്ങളും വ്യാപാരി യുവജന വിഭാഗവും വനിതാവിഭാഗവും വ്യാപാരി നേതാക്കളും അണിനിരക്കും. നഗരംചുറ്റി ഘോഷയാത്ര സ്വകാര്യ ബസ് സ്റ്റാൻഡിൽ അവസാനിക്കും. ഇതോടൊപ്പം ടൂവീലർ പ്രച്ഛന്നവേഷ മത്സരവും നടക്കും.

31ന് വൈകിട്ട് ആറുമുതൽ എം ജി ടൗൺ ഹാളിന് മുൻവശം സാംസ്‌കാരിക സമ്മേളനവും മെഗാഷോയും നടക്കും. പ്രമുഖ വ്യക്തിത്വങ്ങളെയും 50 വർഷം പൂർത്തിയാക്കിയ വ്യാപാരികളെയും ആദരിക്കും. കരിമരുന്ന് പ്രയോഗം, പപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാവും.

പ്രളയാനന്തരം തകർന്ന വ്യാപാര മേഖലക്ക് പുതുജീവൻ നൽകുന്നതിനാണ് 15 ദിവസം നീണ്ടു നിൽക്കുന്ന പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ഫുട്‌ബാൾ മത്സരവും അഖില കേരള വടംവലി മത്സരവും നടന്നു.