പറവൂർ : വലയസൂര്യഗ്രഹണം കാണാനും ഇതുസംബന്ധിച്ചുള്ള ക്ളാസും സംഘടിപ്പിച്ച് വായനശാലകൾ. പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുമാരമംഗലം ക്ഷേത്രപരിസരത്ത് വലയസൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ക്ളാസ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഗീത സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ആദിത്യ അദ്ധ്യക്ഷത വഹിച്ചു. ടി.എ. ജോഷി ക്ളാസെടുത്തു. ശ്രീലക്ഷ്മി, കെ.ജെ. അനൂഷ, കെ.വി. ജിനൻ തുടങ്ങിയവർ സംസാരിച്ചു.

കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യമൊരുക്കി. കുട്ടികൾ തന്നെ നിർമ്മിച്ച സൗരക്കണ്ണടകൾ ഉപയോഗിച്ചും പിൻഹോൾ പ്രോജക്ഷൻ ഉപയോഗിച്ചും ഗ്രഹണം കാണിച്ചു. ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെക്കുറിച്ച് വിശദീകരിച്ചു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, വൈസ് പ്രസിഡന്റ് കെ.എ. അഖിൽ, യുവത സെക്രട്ടറി അഖില അശോകൻ, സേതുനാഥ്, പി.കെ. മധു, പി.എസ്. സവിൻ, സതീഷ് മിറാൻ, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.