ആലുവ: നഗരത്തിലെ ഭൂഗർഭവൈദ്യുതി പദ്ധതി നിർമ്മാണം മിനിസിവിൽ സ്റ്റേഷനിലെ ഓൺലൈൻ സേവനങ്ങൾ താറുമാറാക്കി. താലൂക്ക് ഓഫീസ്, മോട്ടോർ വാഹനവകുപ്പ് സേവനങ്ങളാണ് അഞ്ചു ദിവസമായി താറുമായത്.
ആലുവ പാലസ് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ഇൻർനെറ്റ് ലൈനുകളാണ് ഭൂഗർഭ വൈദ്യുതി കേബിളിനിനായി കുഴിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച പൊട്ടിപ്പോയത്. ഇതിൽ പാലസ് റോഡിലെ തകരാർ ഇന്നലെ പരിഹരിച്ചപ്പോഴേയ്ക്കും റെയിൽവേ റോഡിലെ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ലൈനുകൾ കേടായതാണ് വിനയായത്. ഇതോടെ ഓൺലൈൻ സഹായത്തോടെ നീങ്ങേണ്ട ഫയലുകളും അപേക്ഷ സ്വീകരിക്കലുമെല്ലാം അനിശ്ചിതത്വത്തിലായി. റെയിൽവേ ഭാഗത്തെ കേബിളുകൾ നന്നാക്കാനായി ഇന്നലെ ഉച്ചമുതൽ ശ്രമം തുടങ്ങിയിട്ടുണ്ട്. റോഡ് ആറടി താഴ്ചയിൽ കുഴിച്ചാണ് കേബിളുകൾ നന്നാക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നതിനാൽ രാത്രിയോടെ ജോലി പൂർത്തിയാക്കാകാനാണ് ഉദ്ദേശിക്കുന്നത്.
കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് എന്ന കേബിൾ ശൃംഖല വഴിയാണ് സർക്കാർ സേവനങ്ങൾ നൽകുന്നത്. ഈ ലൈൻ നന്നാക്കേണ്ടത് ബി.എസ്.എൻ.എൽ ആണ്. സർക്കാരിൻെറ ഔദ്യോഗിക സേവനങ്ങൾ നടക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്. ഇത് കാരണം ആർ.ടി.ഒ ഓഫീസിന്റെ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ നൽകാനാകുന്നില്ല. ലൈസൻസുമായി വിദേശത്ത് പോകേണ്ടവരാനാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. എന്നാൽ വാഹന രജിസ്‌ട്രേഷൻ തുടങ്ങിയവ ഉദ്യോഗസ്ഥരുടെ ഇന്റർനെറ്റ് ഉപയോഗിച്ച് ചെയ്യുന്നുണ്ട്.
# കുഴിയെടുത്ത് കുളമാക്കുന്നു
ഇന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്രയും ഇരുചക്ര പ്രച്ഛന്നവേഷ മത്സരവും നടക്കുന്ന ആലുവ നഗരത്തിലെ പ്രധാന റോഡുകളിൽ നിറയെ കുഴികളാണ്. വൈദ്യുതി ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴികളാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്.
സ്ഥാപിക്കുന്നതിനിടയ്ക്ക് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനാൽ രണ്ട് മാസമായി പലപ്പോഴും കുടിവെള്ള വിതരണം നിലയ്ക്കാറുണ്ട്. പൈപ്പ് നന്നാക്കാൻ അറ്റകുറ്റപ്പണി ചെയ്യുമ്പോഴും വിതരണം നിർത്തും. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം മുതൽ ബി.എസ്.എൻ.എൽ കേബിളുകളും പൊട്ടുന്നത്. റോഡിനടിയിലുള്ള വിവിധതരം കേബിളുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാതെയാണ് വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതെന്ന് പലവട്ടം വിമർശനം ഉയർന്നതാണ്. എം.എൽ.എ യുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തെങ്കിലും ഫലമുണ്ടായില്ല.