• കോൺഗ്രസ് പ്രതിസന്ധിയിലേക്ക്, ഇനി സമവായം
കൊച്ചി: പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമങ്ങൾ തുടർന്നാൽ വികസനകാര്യ സമിതി അദ്ധ്യക്ഷ പദവി മാത്രമല്ല സമിതി അംഗത്വം കൂടി രാജി വയ്ക്കുമെന്ന് ഗ്രേസി ജോസഫ്. അങ്ങനെ വന്നാൽ ഒരു സ്ഥിരം സമിതി കൂടി പ്രതിപക്ഷത്തിന്റെ കൈവശമാകും.
മേയർ മാറ്റം ലക്ഷ്യമിട്ട് ഏതാനും നേതാക്കൾ തുടങ്ങിവച്ച ഗ്രൂപ്പ് കളികൾ യു.ഡി.എഫിന് ഭരണം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇത് കണക്കിലെടുത്ത് വിമതരോടുള്ള സമീപനം കോൺഗ്രസ് നേതൃത്വം മയപ്പെടുത്തി. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ തത്കാലം നടപടി വേണ്ടെന്നാണ് തീരുമാനം. ഇടഞ്ഞു നിൽക്കുന്നവരെ മെരുക്കി മേയർമാറ്റം നടപ്പാക്കണമെന്നാണു തീരുമാനമെങ്കിലും അത് എത്രത്തോളം പ്രായോഗികമാവുമെന്നതു കണ്ടറിയണം.
# വീണ്ടും തിരഞ്ഞെടുപ്പ്
മൂന്ന് സ്ഥിരം സമിതികളിലെ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് രണ്ട് ആഴ്ചക്കുള്ളിൽ നടക്കും. കൂറു മാറിയും വോട്ട് പാഴാക്കിയും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം സമ്മാനിച്ച കോൺഗ്രസ് കൗൺസിലർമാരെ മെരുക്കിയില്ലെങ്കിൽ അവശേഷിക്കുന്ന സ്ഥിരം സമിതികളും കൈവിട്ടു പോകുന്ന സ്ഥിതിയാവും.
ഇതൊഴിവാക്കാനാണു ശ്രമം. കെ.വി.തോമസുമായി അനുഭാവം പുലർത്തുന്ന ഗ്രേസി ജോസഫ് അദ്ദേഹം പറഞ്ഞാൽ രാജിവയ്ക്കുമെന്നു നേതൃ യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി. ഗ്രേസിക്ക് പറയാനുള്ള കാര്യങ്ങൾ ഡി.സി.സി പ്രസിഡന്റ് കേട്ടു പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു കെ.വി.തോമസിന്റെ മറുപടി.
ഇന്നലെ പ്രസിഡന്റിനെ നേരിൽ കണ്ട് തന്റെ ഭാഗം വിശദീകരിക്കുമെന്ന പ്രചരണങ്ങൾ ഗ്രേസി തള്ളി. അങ്ങനെയാരു ആലോചന പോലും ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.
# മേയറെ മാറ്റുമെന്ന് എ ഗ്രൂപ്പ്
സൗമിനി ജെയിൻ മേയർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് എ ഗ്രൂപ്പ് നേതാക്കൾ ചൊവ്വാഴ്ച രാത്രി നടന്ന നേതൃയോഗത്തിൽ അറിയിച്ചു. സൗമിനിയുമായി തുടർചർച്ച നടത്താൻ കെ.ബാബുവിനെ ചുമതലപ്പെടുത്തി. മേയർ മാറ്റം കെ.പി.സി.സി നേതൃത്വത്തിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ അക്കാര്യത്തിൽ ഇനി ഡി.സി.സിക്കൊന്നും ചെയ്യാനുമില്ല.
# മുസ്ളീംലീഗിലും പൊട്ടിത്തെറി
യു.ഡി.എഫിന് പിന്നാലെ അദ്ധ്യക്ഷ സ്ഥാനത്തിനു വേണ്ടി മുസ്ളീംലീഗിലും ചേരിപ്പോര്. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായ പി.എം.ഹാരിസിനെ മാറ്റണമെന്ന് ലീഗിലെ മറ്റൊരു കൗൺസിലറായ ടി.കെ.അഷ്റഫ് ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. നഗരാസൂത്രണ സമിതിയിലെ അംഗത്വം രാജി വയ്ക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മുസ്ളീംലീഗിന് ആകെ രണ്ട് കൗൺസിലർമാരാണുള്ളത്.