കൊച്ചി: കേന്ദ്ര നഗരകാര്യ വകുപ്പിന്റെ മികച്ച സ്മാർട്ട് ഹെൽത്ത് പദ്ധതിയായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ആവിഷ്‌കരിച്ച 'ഓൺലൈൻ ഇ -ഹെൽത്ത് പദ്ധതി' തിരഞ്ഞെടുക്കപ്പെട്ടു. പദ്ധതികളുടെ നവീകരണം, പൊതുജനപങ്കാളിത്തം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
കേന്ദ്രീകൃത ആരോഗ്യ വിവര സംവിധാനം, ഇലക്ട്രോണിക് ആരോഗ്യ രേഖകൾ, ജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം തുടങ്ങിയ വിശദമായ സൗകര്യങ്ങൾ പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതി മേഖലയിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിലെ സ്മാർട്ട് സിറ്റികൾക്ക് കീഴിലുള്ള പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നത് മികവുറ്റ രീതിയിലാക്കുന്നവരെ അഭിനന്ദിക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്മാർട്ട് സിറ്റി എംപവറിംഗ് ഇന്ത്യ പുരസ്‌കാരം രൂപകല്പന ചെയ്തിരിക്കുന്നത്. കൂടുതൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവുമായ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇ -ഹെൽത്ത് പദ്ധതി ഒരു വ്യക്തിയുടെ ആരോഗ്യ രേഖകൾ പരിപാലിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും മാത്രമുള്ളതല്ലെന്നും കൊച്ചി നഗരത്തിലെ ആരോഗ്യ സംബന്ധിയായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇടപെടലുകൾ നടത്തുന്നതിന് കൂടിയാണെന്നും കൊച്ചി സ്മാർട്ട് മിഷൻ സി.ഇ.ഒ അൽകേഷ് കുമാർ ശർമ പറഞ്ഞു.
ജനുവരി 10ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പുരസ്‌കാരം വിതരണം ചെയ്യും.