കൊച്ചി: ചിലവന്നൂർ താലൂക്കിലെ പോണേത്ത് ചാൽ പുഴയിലെ കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് ചിലവന്നൂർ കായൽ സംരക്ഷണ സംഘം റവന്യു മന്ത്രിക്ക് പരാതി നൽകി. സംഘം കോ-ഓർഡിനേറ്റർ നിപുൺ. വി. ചെറിയാനാണ് മന്ത്രിക്ക് പരാതി സമർപ്പിച്ചത്. പുഴ നികത്താൻ അനുമതി നൽകിയ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ഉത്തരവ് റദ്ദാക്കി റിപ്പോർട്ട് നൽകാൻ റവന്യു മന്ത്രി കഴിഞ്ഞ സെപ്തംബറിൽ എറണാകുളം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്വേഷണം നടത്തിയ കണയന്നൂർ ഭൂരേഖ തഹസിൽദാർ സർക്കാരിന് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്ന് സംഘം മന്ത്രിയെ അറിയിച്ചു. തുടർന്ന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കളക്ടർക്ക് വാക്കാൽ നിർദ്ദേശം നൽകിയെന്നും ചിലവന്നൂർ കായൽ സംരക്ഷണ സംഘം കോ-ഓർഡിനേറ്റർ പ്രസ്താവനയിൽ അറിയിച്ചു.