പറവൂർ : പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ ആലപ്പുഴ പടിഞ്ഞാറെ ഭാഗത്തുനിന്ന് ബോട്ടുകാർ ഇന്നലെ വെളുപ്പിന് രക്ഷിച്ച് ഉച്ചയോടെ മുനമ്പം ഹാർബറിലെത്തിച്ചു. പൊന്നാനി സ്വദേശികളായ കറുത്തമൊയ്തുവീട്ടിൽ ഹംസ (80), സെയ്താകടവത്ത് മുജീബ് (39), സ്രാങ്ക് കിന്റകത്ത് സുൾഫിക്കർ (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
പൊന്നാനി സ്വദേശി സിദ്ധിഖിന്റെ അഹദ് എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിനായി പോയി അപകടത്തിൽപ്പെട്ടത്. മുനമ്പം ഹാർബറിലെത്തിച്ച ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തോടെ മത്സ്യബന്ധനത്തിനായി പോയ ഇവരുടെ പക്കലുള്ള പെട്രോളും മണ്ണെണ്ണയും തിങ്കളാഴ്ചയോടെ തീർന്നതിനെത്തുടർന്ന് വള്ളത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് കാറ്റിന്റെ ഗതിക്കനുസരിച്ച് വള്ളം നിയന്ത്രണം വിട്ട് ഒഴുകിനടക്കുകയായിരുന്നു.കൈയിലുള്ള ഭക്ഷണവും വെള്ളവും തീർന്നതോടെ ഇവർ അവശരായി. കരയിലുള്ളവരുമായി ബന്ധപ്പെടാൻ മറ്റ് ഉപാധികളില്ലാത്തതും തടസമായി. ചില മത്സ്യബന്ധന ബോട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും രക്ഷിക്കാൻ തയ്യാറായില്ലെന്ന് പരിക്കേറ്റ സുൾഫിക്കർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പൊന്നാനി തീരദേശപൊലീസും കോസ്റ്റ് ഗാർഡും ഊർജിതമായ അന്വേഷണം നടത്തിയിരുന്നു.