കൊച്ചി: മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന് മുന്നോടിയായി പെട്രോളിയം പൈപ്പുകളിലിലെ പമ്പിംഗ് നിറുത്തിവയ്ക്കാനും പരിസരത്തെ മണ്ണിന്റെ ബലം പരിശോധിക്കാനും നടപടി ആരംഭിച്ചു. ഫ്ളാറ്റുകളുടെ സമീപത്ത് കർശനസുരക്ഷ ഒരുക്കാൻ പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് ഓർഗനൈസേഷൻ പെസോ നിർദ്ദേശം നൽകി.
കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റിന് സമീപത്തുകൂടി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഐ.ഒ.സി പെട്രോളിയം പൈപ്പ്ലൈനുണ്ട്. ഫ്ളാറ്റുകൾ തകർക്കുന്നതിന്റെ തലേദിവസം തന്നെ പൈപ്പുകളിൽ പമ്പിംഗ് നിറുത്താൻ ഐ.ഒ.സിക്ക് നിർദ്ദേശം നൽകിയതായി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളർ ആർ. വേണുഗോപാൽ പറഞ്ഞു. പകരം വെള്ളം നിറയ്ക്കാൻ ആവശ്യപ്പെട്ട് കത്തു നൽകി. തുറമുഖത്തു നിന്ന് അമ്പലമുകളിലേക്കാണ് മൂന്ന് പൈപ്പുകൾ പോകുന്നത്. പൈപ്പുകൾക്ക് മുകളിൽ മണൽച്ചാക്കിട്ട് മൂടും. ഫ്ളാറ്റിൽ നിന്ന് ആറര മീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ.
ഫ്ളാറ്റുകൾ തകർക്കും മുമ്പ് പരിസരത്തെ മണ്ണിന്റെ ഘടന വീണ്ടും പഠിക്കും. കെട്ടിടാവശിഷ്ടങ്ങൾ പതിക്കുമ്പോൾ സമീപത്തെ കെട്ടിടങ്ങൾക്കും മറ്റുമുണ്ടാകാവുന്ന ആഘാതം വിലയിരുത്തും, അവശിഷ്ടങ്ങൾ 16 മീറ്റർ ഉയരത്തിൽ അടിയും.
പൊളിക്കുന്നു ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ കോവ്, ആൽഫ സെറീൻ, ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റുകൾ വിദഗ്ദ്ധ സംഘം പരിശോധിച്ചു. ഫ്ളാറ്റുകളുടെ തൂണുകളിൽ സ്‌ഫോടകവസ്തുക്കൾ നിറയ്ക്കാൻ ദ്വാരങ്ങൾ ഇടുന്ന ജോലി തുടരുകയാണ്. 3500 ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുക. പൊടി തെറിക്കാതിരിക്കാൻ ജിയോ ടെക്സ്റ്റയിൽ കൊണ്ട് ഫ്ളാറ്റുകൾ മൂടി നാല് നിരയിൽ ചുറ്റണം.
സ്‌ഫോടക വസ്തുക്കൾ 30, 31 തിയതികളിലെത്തും. 175 കിലോ വീതം സ്‌ഫോടക വസ്തുക്കൾ വേണ്ടിവരും. ഇവ ദ്വാരങ്ങളിൽ നിറയ്ക്കുമ്പോൾ സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല.