പറവൂർ : സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയ വിദ്യാർത്ഥിയെ സദാചാര ഗുണ്ടകൾ തടഞ്ഞു നിറുത്തി മർദ്ദിച്ച് അവശനാക്കി. ബൈക്കും തട്ടിയെടുത്തു. ചെവി പിളർന്ന വിദ്യാർത്ഥി പ്ളാസ്റ്റിക്ക് സർജറിക്കു ശേഷം ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കരിമ്പാടം മാരായിൽ രാജേന്ദ്രന്റെ മകൻ നിഖിൽ (21) ആണ് ആക്രമിക്കപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം കരിമ്പാടം ശാഖയിലെ യൂത്ത് മൂവ്മെന്റ് പ്രവർത്തകനാണ് നിഖിൽ. ബുധനാഴ്ച രാത്രി പത്തു മണിയോടെ തൂയിത്തറയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് തൂയിത്തറ ക്ഷേത്രത്തിനു സമീപത്തു വെച്ച് ഏഴംഗസംഘം തടഞ്ഞു നിറുത്തി ചോദ്യം ചെയ്തത്.
സുഹൃത്തിന്റെ വീട്ടിൽ പോയതാണെന്ന് പറഞ്ഞപ്പോൾ നിഖിലിന്റെ ഫോണിൽ നിന്നും സുഹൃത്തിനെ വിളിച്ചു. എന്നിട്ടും ഇവർക്ക് സംശയം തീർന്നില്ല. ഇതിനിടയിൽ സുഹൃത്ത് നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാതെയായതിനാൽ നിഖിലിന്റെ സഹോദരനെ വിളിച്ച് പറഞ്ഞു.
സഹോദരനും സുഹൃത്തും സ്ഥലത്തെത്തിയപ്പോൾ സംഘം മർദ്ദിക്കുകയായിരുന്നു. ഇവരെ കണ്ടയുടൻ അക്രമികൾ രക്ഷപ്പെട്ടു. അവശനായി റോഡിൽ കിടക്കുകയായിരുന്നു നിഖിൽ. പറവൂരിലെ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സംഘത്തിലുള്ളവരെ പിടികൂടാനോ, നിഖിലിന്റെ ബൈക്ക് കണ്ടെത്താനോ സാധിച്ചിട്ടില്ല. നിഖിലിനെ അക്രമിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും മാതൃകപരമായി ശിക്ഷിക്കണമെന്നും എസ്.എൻ.ഡി.പി യോഗം കരിമ്പാടം ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.