child-telegram

കൊച്ചി: ആദ്യം സൈറ്റുകൾ വഴി. പിന്നെ, വാട്‌സ്ആപ്പ്. പൊലീസിന്റെ പിടിവീഴുമെന്ന് ഉറപ്പായപ്പോൾ കളം മാറ്റി ടെലിഗ്രാമിലേക്ക്. എന്നാൽ, കുട്ടികളുടെ അശ്ലീല വീഡിയോ നിർമ്മിച്ച് രാജ്യത്ത് ഉടനീളം പ്രചരിപ്പിക്കുന്ന മാഫിയകളെ ഒടുവിൽ ടെലിഗ്രാമിലും തളച്ചു. ഒരുകൂട്ടം സൈബർ പോരാളികൾ കച്ചമുറുക്കി കളത്തിൽ ഇറങ്ങിയതോടെ ഈ മാസം മാത്രം പൂട്ട് വീണത് 3,​782 അക്കൗണ്ടുകൾക്ക്. ചൈൽഡ് പോൺ വീഡിയോകൾ വൻതോതിൽ പ്രചരിപ്പിക്കുന്ന 130 ഗ്രൂപ്പുകളും ഇതിൽപ്പെടും. ടെലിഗ്രാമിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടും അധികൃതർ കാട്ടുന്ന മൗനമാണ് സൈബർ പോരാളികളെ പോരിന് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ഓരോ മാസവും 3000 ത്തോളം അക്കൗണ്ടുകൾക്ക് ഇവരുടെ മാസ് റിപ്പോർട്ടിംഗിലൂടെ പൂട്ട് വീഴുന്നുണ്ടെന്നാണ് കണക്ക്. സൈബർ ഗ്രൂപ്പുകൾ ഇത്തരം അക്കൗണ്ടുകളെക്കുറിച്ചും ഗ്രൂപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ടെലിഗ്രാമിന് നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്.

പൊലീസും പിന്നാലെ

ടെലിഗ്രാമിലെ മാഫിയകളെ പൂട്ടാൻ പൊലീസും രംഗത്തുണ്ട്. പി ഹണ്ട് എന്ന പ്രത്യേക ഓപ്പറേഷൻ നടത്തിയാണ് പൊലീസ് ഇത്തരം മാഫിയകളെ കുടുക്കിയത്. എന്നാൽ,​ മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരിൽ പ്രമുഖ ഗ്രൂപ്പുകളെയടക്കം പൂട്ടിക്കാൻ പൊലീസിന് സാധിച്ചത്. അതേസമയം, കുട്ടികളുടെ അശ്ലീല വീഡിയോ നിർമ്മിച്ച് അപ്‌ലോഡ് ചെയ്യുന്ന ഇന്റർനാഷണൽ മാഫിയകൾ തന്നെ ടെലിഗ്രാമിൽ സജീവമാണ്. ഇവർ പ്രത്യേക ഗ്രൂപ്പുകളും ചാനലുകളും വഴിയാണ് വീഡിയോ അപ് ലോഡ് ചെയ്യുന്നത്. എന്നാൽ,​ ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് പലരും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് എന്നതിനാൽ നടപടി എടുക്കാൻ പൊലീസിന് പരിമിതികളുണ്ട്. ഇതിനെ തുടർന്നാണ് സൈബർ ഡോമിന്റെ നേതൃത്തിൽ ജനുവരിയിൽ പി ഹണ്ട് എന്ന പേരിൽ സംഘം രൂപികരിച്ച് അന്വേഷണം നടത്തിയത്. ഇന്റർനാഷണൽ ചൈൽഡ് സെക്ഷ്വൽ എക്‌പ്ലോഷന്റെ സഹായത്തോടെയായിരുന്നു പൊലീസിന്റെ നടപടി. ഇത്തരത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 25 കേസുകൾ രജിസ്റ്റർ ചെയ്ത് 20 പേരെ പിടികൂടി. രണ്ടാം ഘട്ടത്തിൽ അഞ്ച് കേസുകളിലായി നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.


എല്ലാം രഹസ്യം

സന്ദേശങ്ങൾ തനിയെ നിശ്ചിത കാലയളവിന് ശേഷം ഇല്ലാതാകുക, ഉപയോഗിക്കുന്നില്ലങ്കിൽ അക്കൗണ്ട് മരവിച്ച് പോവുക, രഹസ്യചാറ്റുകൾ ചോർത്താൻ സാധിക്കില്ല,​ ഉപയോക്താവിന്റെ ഫോൺ നമ്പർ രഹസ്യമാക്കി വയ്ക്കുക,​ നിമിഷങ്ങൾക്കകം വ്യത്യസ്തമായ ഐ.പി (ഇന്റർനെറ്റ് പ്രോട്ടോകാൾ അഡ്രസ് )​ മാറാൻ സാധിക്കുക എന്നിവയെല്ലാമാണ് ടെലിഗ്രാമിന്റെ പ്രധാന സവിശേഷത. ഒരു ജിബിക്ക് മുകളിൽ ഡാറ്റവരെയുള്ള വീഡിയോകൾ ഇതിലൂടെ കൈമാറാം. ഇതിന് പുറമേ പതിനായിരക്കണക്കിന് അംഗങ്ങൾ വരെയുള്ള ചാനലുകളും 20,​000 അംഗങ്ങളുള്ള ഗ്രൂപ്പുകളും ടെലിഗ്രാം അനുവദിക്കുന്നുണ്ട്.പൊലീസും രഹസ്യാന്വേഷണ വിഭാഗവും ടെലിഗ്രാം നിരീക്ഷിക്കാൻ തുടങ്ങിയത് ഇക്കാരണങ്ങളാലാണ്. എന്നാൽ,​ രഹസ്യാത്മകത സൂക്ഷിക്കുമെന്നുള്ള ടെലിഗ്രാമിന്റെ നയം വെല്ലുവിളിയായിരുന്നു. ടെലിഗ്രാമിലെ ഈ സാദ്ധ്യതകൾ മുതലെടുത്താണ് അശ്ലീല ചിത്രങ്ങളുടെ നിർമ്മാണ മാഫിയ സജീവമായത്.

വളർന്നു വേഗത്തിൽ

വാട്‌സ് ആപ്പിന് വെല്ലുവിളിയായി എത്തിയ ടെലിഗ്രാം, സോഷ്യൽ മീഡിയയിൽ യുവാക്കൾക്കിടയിൽ തരംഗമായി മാറിയത് വളരെ വേഗത്തിലായിരുന്നു. കുറഞ്ഞ മൊബൈൽ റേഞ്ചിലും സന്ദേശങ്ങൾ വേഗത്തിൽ കൈമാറാൻ കഴിയുന്നതിനൊപ്പം മറ്റ് സാമൂഹിക മാദ്ധ്യമങ്ങളേക്കാൾ കൂടുതൽ സ്വാതന്ത്ര്യവും രഹസ്യാത്മകതയുമുള്ളതാണ് ടെലിഗ്രാമിനെ മുന്നിലെത്തിച്ചത്. സംസ്ഥാനത്ത് ഞൊടിയിടയിലാണ് അഞ്ച് ലക്ഷത്തിന് മുകളിൽ ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ ടെലിഗ്രാമിന് കഴിഞ്ഞത്. 2013 ൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിലേക്കെത്തിയ ടെലിഗ്രാമിന് നിലവിൽ എത്ര ഉപഭോക്താക്കളുണ്ടെന്ന് കണക്കാക്കാൻ പോലും സാധിക്കാത്ത വിധം വളർച്ചയാണുള്ളത്.