കൊച്ചി: പെട്രോകെമിക്കൽ, ജൈവശാസ്ത്രം, ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം എന്നീ വ്യവസായങ്ങൾക്ക് സർക്കാർ ഭാവിയിൽ മുൻഗണന നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ലോകമെങ്ങും നിന്ന് വ്യവസായങ്ങളെ ആകർഷിക്കുന്ന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിൽ നാഴികക്കല്ലായി അസെൻഡ് 2020 ആഗോള നിക്ഷേപകസംഗമത്തെ മാറ്റും. ജനുവരി 9, 10 തീയതികളിൽ കൊച്ചി ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിശദ പദ്ധതികളും സംരംഭങ്ങൾക്ക് അനുമതി നൽകുന്നതിൽ വരുത്തിയ ഇളവുകളും അസെൻഡ് 2020 ൽ അവതരിപ്പിക്കും. അമ്പലമുകൾ ഫാക്ട് പരിസരത്ത് പെട്രോകെമിക്കൽ പാർക്ക്, ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉത്പാദനവും സംയോജനവും നടത്തുന്ന ആമ്പല്ലൂരിലെ ഇലക്ട്രോണിക് പാർക്ക്, പ്രതിരോധ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന പാലക്കാട്ടെ കിൻഫ്ര ഡിഫൻസ് പാർക്ക്, തിരുവനന്തപുരത്ത് 75 ഏക്കറിൽ ബയോ 360 ജൈവശാസ്ത്ര പാർക്ക്, പാലക്കാട്ടും ആലപ്പുഴയിലും മെഗാഫുഡ് പാർക്കുകൾ തുടങ്ങിയവയാണ് മുൻഗണനാ പദ്ധതികൾ.
അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഏകജാലക സംവിധാനമായ കെ. സ്വിഫ്റ്റിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും ബന്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പോർട്ടലായ htts://invest.kerala.gov.in അസെൻഡ് 2020 ന്റെ ഭാഗമായി നിക്ഷേപകർക്ക് വേണ്ട ഏക ജാലക സംവിധാനമായി മാറ്റും.
കേരളത്തിൽ നിക്ഷേപിക്കുന്നവർക്കും തയ്യാറെടക്കുന്നവർക്കും ലാൻഡ് ബാങ്ക്, നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ, വിവിധ സേവനങ്ങളും പദ്ധതികളും, വായ്പകൾ തുടങ്ങി എല്ലാ വിവരങ്ങളും പോർട്ടലിലുണ്ടാകും. കേരള സ്റ്റേറ്റ് സിംഗിൾ വിൻഡോ ബോർഡിന്റെ ഭാഗമായ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെല്ലുകൾ നിക്ഷേപകരുമായും അപേക്ഷകരുമായും ആശയവിനിമയം നടത്തും. സംരംഭങ്ങൾക്കു വേണ്ട അനുമതികൾ സെൽ സുഗമമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.