ചോറ്റാനിക്കര: വലയ സൂര്യ ഗ്രഹണത്തെ അത്യന്തം ആവേശത്തോടും അത്ഭുതത്തോടെയും വിദ്യാർത്ഥികളും നാട്ടുകാരും വരവേറ്റു. രാവിലെ 8 മണി കഴിഞ്ഞപ്പോൾ ഗ്രഹണം ആരംഭിച്ചു. പല കേന്ദ്രങ്ങളിലും ഗ്രഹണ നിരീക്ഷണത്തോടൊപ്പം ക്ലാസും ഭക്ഷണവിതരണവും നടന്നു .ശാസ്ത്ര വിരുദ്ധതയും അന്ധവിശ്വാസവും വർദ്ധിക്കുമ്പോൾ , ശാസ്ത്ര ബോധത്തിനായി തെരുവിലിറങ്ങുന്ന ജനതയുടെ നാടാണ് കേരളമെന്ന് ഗ്രഹണ നിരീക്ഷണത്തിൽ പങ്കാളിയായി ജനങ്ങൾ പറഞ്ഞു .
അപൂർവമായി നടക്കുന്ന ഗ്രഹണത്തിന്റെ ശാസ്ത്രീയവശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉദയംപേരുർ , മുളന്തുരുത്തി , ആമ്പല്ലൂർ , ചോറ്റാനിക്കര , ഇടക്കാട്ടുവയൽ എന്നീ പഞ്ചായത്തുകളിലെ സ്കൂളുകൾ , എൻ.എസ്.എസ് ക്യാമ്പുകൾ , വായനശാലകൾ എന്നിവിടങ്ങളിൽ മുപ്പതോളം ഗ്രഹണാവബോധ കാസുകൾ നടത്തി. ഒപ്പം ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കുന്നതിനുള്ള സൗരക്കണടയുടെ നിർമ്മാണം , പ്രൊജക്ഷൻ മെത്തേഡ് , റിഫ്ളക്ഷൻ മെത്തേഡ് എന്നിവയും പഠിപ്പിച്ചു .
പത്തോളം കേന്ദ്രങ്ങളിൽ റസിഡൻസ് അസോസിയേഷൻ , വായനശാലകൾ , ബാലസംഘം , ബ്രേക്ക് ത്രു സയൻസ് ഇൻ സൊസൈറ്റി, കുടുംബശ്രീ തുടങ്ങി വിവിധ സംഘടനകളുമായി സഹകരിച്ച് നിരീക്ഷണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു . ഇവിടങ്ങളിൽ ധാരാളം ജനങ്ങൾ ഗ്രഹണം നിരീക്ഷിക്കാനായിയെത്തി .ഇലർക്ക് സൗരക്കണ്ണടയും വിതരണം ചെയ്തു.
പരിഷത്ത് മേഖലാ വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫസർ എം വി ഗോപാലകൃഷ്ണൻ , കൺവീനർ ടി കെ ബിജു , പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ .എൻ.സുരേഷ് , മേഖല പ്രസിഡന്റ് ജോസി വർക്കി ,പി . കെ .രഞ്ചൻ , മേഖലാ സെക്രട്ടറി കെ പി രവികുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .