പിറവം: പുനരുപയോഗിക്കാനാകാത്ത പ്ളാസ്റ്റിക് വസ്തുക്കളുടെ നിരോധനം അർത്ഥവത്താക്കാൻ തുണി സഞ്ചി നിർമ്മാണവുമായി പിറവം നഗരസഭ കുടുംബശ്രീ യൂണിറ്റ്. പ്ലാസ്റ്റിക് രഹിത പട്ടണത്തിന് വൈവിധ്യമാർന്ന പദ്ധതികളാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും കുടുംബശ്രീ മുഖേന സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പിറവത്തെ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് . തുണി സഞ്ചി പോലുള്ള ഉൽപന്നങ്ങൾ ഒന്നിൽക്കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും
നഗരസഭയാലെ വിവിധ വാർഡുകളിലെ കുടുംബശ്രീയൂണിറ്റുകളുടെ നേതൃത്വത്തിൽ സഞ്ചി നിർമ്മാണം വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ധ്യക്ഷ സൂസൺ എബ്രഹാം പറഞ്ഞു. ഇതു വഴി കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങളും ലഭിക്കും. നിത്യജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. സാധനങ്ങൾ വാങ്ങാൻ തുണി സഞ്ചിയുമായി കടകളിൽ പോകുക. കടകളിൽനിന്ന് പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് ഇതര വസ്തുക്കൾ ഉപയോഗിച്ച് സാധനങ്ങൾ പൊതിഞ്ഞു തരുന്നതിന് കച്ചവടക്കാരെ നിർബന്ധിക്കുക., യാത്രകളിൽ സ്വന്തമായി വെള്ളക്കുപ്പികൾ കരുതുക. വെള്ളക്കുപ്പികൾ വാങ്ങുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് നിർമിതമായ കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ തുടങ്ങിയവ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക. വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിക്കുക. തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ളാസുകളും നടത്തും. പുനരുപയോഗിക്കാൻ കഴിയുന്ന പ്ളാസ്റ്റിക് വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമായ വസ്തുക്കളാക്കിമാറ്റാനുള്ള ഹരിത കേരള പദ്ധതിയിലും നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാകും. നഗരസഭയാലെ 9-ാം വാർഡിലെ കാർഷികകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദ്യ നിർമ്മാണ യൂണിറ്റ് നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. വെെസ് ചെയർപേഴ്സൻ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാംഗങ്ങളായ അജേഷ് മനോഹർ, സോജൻ ജോർജ്, തമ്പി പുതുവാക്കുന്നേൽ സുനിത വിമൽ, ഷിജി ഗോപകുമാർ , കുടുംബശ്രീ ചെയർപേഴ്സൺ സൂസൺ എബ്രഹാം , അക്കൗണ്ടന്റ് സുനിത കുമാരി , വിവിധ സി.ഡി.എസ് അംഗങ്ങൾ , കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.