health

കരൾ, ആഗ്‌നേയഗ്രന്ഥി, വൃക്ക, ആമാശയം, കുടൽ, മഹാധമനി തുടങ്ങിയ ജീവൽപ്രധാനമായ അവയവങ്ങൾ സ്ഥിതിചെയ്യുന്ന ഉദരാശയത്തെ കരുത്തും സംരക്ഷണവും നൽകി ആവരണം ചെയ്തിരിക്കുന്ന കവചം ആണ് ഉദരാശയഭിത്തി . അത് പേശികളുടെ പ്രത്യേക വിന്യാസം കൊണ്ട് സങ്കീർണവും , എന്നാൽ കരുത്തും ഇലാസ്തികതയും ഒരു പോലെ പ്രദാനം ചെയ്ത് ഉള്ളിലുള്ള അവയവങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനമായ കർമ്മം നിർവഹിക്കുന്നതുമായ ഒന്നാണ് .

ഉദരഭിത്തിയിലുണ്ടാകുന്ന വിള്ളലുകളെ ഹെർണിയ അഥവാ കുടലിറക്കം എന്നാണ് പൊതുവെ പറയുന്നത്. പുകവലി ശീലമാക്കിയവർക്ക് ഉദരഭിത്തിയിലെ പേശികളിൽ ബലക്കുറവ് കണ്ടുവരുന്നുണ്ട്. വിട്ടുമാറാതെയുള്ള ചുമ, തുമ്മൽ, മലബന്ധം, തുടങ്ങിയവ ഉദരഭിത്തിയിലെ വിള്ളലുകൾ വലുതാകുന്നതിന് കാരണമാകുന്നു. കുട്ടികളിൽ ജന്മനാ തന്നെ ഈ ഭാഗത്ത് മുഴയായി ഹെർണിയ പ്രത്യക്ഷപ്പെടാറുണ്ട്.

മറ്റൊരുതരം ഹെർണിയ ആണ് നാഭീഭാഗത്ത് ഉണ്ടാകുന്ന നാഭീ ഹെർണിയ . പൊക്കിൾചുഴി വലുപ്പമായി തോന്നുകയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ വേദന അനുഭവപ്പെടുകയോ ചെയ്യാം. ഗർഭിണി ആയിരിക്കെ പേശികളുടെ ഇലാസ്തികത കൊണ്ട് വയർ വലുതാവുകയും എന്നാൽ പ്രസവാനന്തരം നാഭിയുടെ ആകൃതി പൂർവാവസ്ഥ പ്രാപിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ നാഭീ ഹെർണിയ സംശയിക്കേണ്ടതാണ്.

നേരത്തെ ചെയ്ത ഏതെങ്കിലും ഉദരശസ്ത്രക്രിയയുടെ (സിസേറിയൻ ഉൾപ്പടെ ) പരിണിതഫലമായും ഹെർണിയ ഉണ്ടായേക്കാം. ഉദരശസ്ത്രക്രിയ കഴിഞ്ഞ് ഉദരാശയഭിത്തിയെ പൂർവസ്ഥിയിലാക്കാൻ തുന്നികെട്ടുന്ന ഒരു തരം നൂല് ശാസ്ത്രക്രിയാനന്തരം വിശ്രമം എടുക്കാത്തത്‌ കൊണ്ടോ, മറ്റു കാരണങ്ങൾ കൊണ്ടോ പൊട്ടിപ്പോവുകയും അവിടെ വിള്ളൽ വന്ന് കുടലും അനുബന്ധ ഭാഗങ്ങളും ചർമത്തിന് അടിയിലൂടെ തള്ളി വരുകയും മുഴപോലെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിന് incisional hernia എന്ന് പറയുന്നു. ഇത് ചികിത്സിക്കാതെ അവഗണിക്കുകയാണെങ്കിൽ ജീവഹാനി വരെ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.

മുതിർന്നവരിലുണ്ടാകുന്ന ഏത് തരം ഹെർണിയയും പരിശോധന വിധേയമാക്കപ്പെടേണ്ടതും ചികിത്സിക്കപ്പെടേണ്ടതുമാണ്.ഉദരശയഭിത്തിയെ ബലപ്പെടുത്തുന്നതിനായി polypropelene, polyester മുതലായ പ്രത്യേക നാരുകൾ കൊണ്ട് നെയ്ത സവിശേഷ വലിപ്പത്തിലുള്ള ഒരു തരം വല ശസ്ത്രക്രിയക്ക് ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ ഉപയോഗത്തോടെ വേദനാരഹിതമായും അധികം ആശുപത്രിവാസം കൂടാതെയും ലാപ്പറോസ്‌കോപ്പി വഴി ഹെർണിയ ശസ്ത്രക്രിയ നിർവഹിക്കാമെന്നത് ആശാവഹമാണ്.

Dr. Baiju Senadhipan
Gastro Surgeon,
SUT HOSPITAL, PATTOM.