ദുരന്ത മുഖത്ത് ഓടിയെത്താൻ പ്രാദേശിക സേന ഒരുങ്ങുന്നു
തൃക്കാക്കര: ദുരന്തമുഖങ്ങളിൽ അഗ്നി രക്ഷാസേനയ്‌ക്കൊപ്പം ഇനി പ്രദേശിക സംഘങ്ങളും രംഗത്തിറങ്ങും. സിവിലിയൻമാരെ ഉൾപ്പെടുത്തി സിവിൽ ഡിഫൻസ് എന്ന പേരിലാണ് പുതിയ വളണ്ടിയർ സംവിധാനം.
ഓരോ ഫയർ സ്റ്റേഷന് കീഴിലും രൂപീകരിക്കുന്ന സംഘത്തിൽ വനിതകൾ അടങ്ങുന്ന 50 പേരുണ്ടാകും.
സംസ്ഥാനത്തെ പ്രാദേശിക സേനയുടെ ആദ്യ ക്ലാസുകൾ ഇന്നലെ ജില്ലയിൽ നടന്നു. കാക്കനാട് ഫയർ സ്റ്റേഷനിൽ ജില്ലാ ഫയർ ഓഫീസർ എ.എസ് ജോജി ഉത്‌ഘാടനം ചെയ്തു.സ്റ്റേഷൻ ഓഫീസർ രഞ്ജിത്കുമാർ അധ്യക്ഷത വഹിച്ചു,
ജില്ലയിലെ 18 ഫയർ സ്റ്റേഷനുകളിൽ പെരുമ്പാവൂർ, ഏലൂർ, ആലുവ, അങ്കമാലി, എറണാകുളം, കൂത്താട്ടുകുളം തുടങ്ങി പത്തോളം കേന്ദ്രങ്ങളിലായിരുന്നു ക്ളാസ്. ബാക്കിയുള്ളവ ഇന്നും നാളെയുമായി പൂർത്തിയാക്കും.
ലക്ഷ്യം
• യഥാസമയം ഇടപെട്ട് ജീവരക്ഷ • സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്കൽ • ജനങ്ങളുടെ മനോവീര്യം ഉണർത്തൽ
ദുരന്ത സ്ഥലങ്ങളിൽ ആദ്യമെത്തുന്നവരുടെ സഹായങ്ങൾ ആഘാതം കുറയ്ക്കും. കേരളം പിന്നിട്ട രണ്ടു പ്രളയത്തെ അതിജീവിക്കാൻ സേനകൾക്കൊപ്പം നാടിന്റെ കൂട്ടായ പരിശ്രമമാണ് സഹായകരമായത്. ഈ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫൻസ് എന്ന ആശയം രൂപപ്പെട്ടത്.
1968 മുതൽ ഇന്ത്യയിൽ സിവിൽ ഡിഫൻസ് നിയമം നിലവിലുണ്ടെങ്കിലും 2010ൽ ദുരന്തനിവാരണം കൂടി അധിക ചുമതലയായി ഉൾപ്പെടുത്തുകയായിരുന്നു.
അഗ്നി രക്ഷാ സേന ഡയറക്ടർ ജനറലാണ് ഹോംഗാർഡ്‌സിന്റെയും സിവിൽ ഡിഫൻസിന്റെയും മേധാവി. റിജിയണൽ ഫയർ ഓഫീസറും ജില്ലാ ഫയർ ഓഫീസർമാരും ചേർന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കലക്ടർക്കാണ് ജില്ലാതല നിയന്ത്രണം.
സംസ്ഥാനത്ത് 6200 പേർ ഉൾക്കൊള്ളുന്ന സിവിൽ ഡിഫൻസ് സേനയാണ് നിലവിൽ വരിക.
സിവിൽ ഡിഫൻസ് വളണ്ടിയറാകാൻ
• 18 വയസ്. • നാലാം ക്ലാസ് വിദ്യാഭ്യാസം • പ്രതിഫലേച്ഛയില്ലാതെ ഏതു ഘട്ടത്തിലും പ്രവർത്തന സജ്ജമായിരിക്കണം. • മാനസികവും ശാരീരികമായും കാര്യക്ഷമത
പരിശീലനം പൂർത്തിയാക്കുവർക്ക് മെറ്റാലിക് ബാഡ്ജും, റിഫ്‌ളക്ടീവ് ജാക്കറ്റും തിരിച്ചറിയൽ കാർഡും നൽകും.