കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണച്ചുമതലയുള്ള എറണാകുളം സി.ബി.ഐ കോടതി ജഡ്ജി ഹണി എം. വർഗീസ് ഉൾപ്പെടെ ജുഡിഷ്യൽ ഓഫീസർമാർക്ക് സ്ഥലംമാറ്റം. 48 ജില്ലാ ജഡ്ജിമാർക്കും 14 സബ് ജഡ്ജി-ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടുമാർക്കും 72 മുൻസിഫ് - മജിസ്ട്രേട്ടുമാർക്കുമാണ് സ്ഥലം മാറ്റം. 2020 മേയ് 20നാണ് ഇതു പ്രാബല്യത്തിൽവരുന്നത്.
വനിത ജഡ്ജി വേണമെന്ന ഇരയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയാണ് കേസ് എറണാകുളം സി.ബി.ഐ കോടതിക്ക് വിട്ടത്. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ മേയ് 20ന് മുമ്പ് കേസിൽ തീരുമാനമുണ്ടാകുമെന്നാണ് ഹൈക്കോടതി ഭരണവിഭാഗം കണക്കുകൂട്ടുന്നത്.
പ്രാഥമിക വാദം പൂർത്തിയാക്കാൻ കേസ് സി.ബി.ഐ കോടതി 31ന് പരിഗണിക്കുന്നുണ്ട്. ഇതിനുശേഷം പ്രതികൾക്കെതിരെ കുറ്റം ചുമത്തും. പിന്നീട് സാക്ഷി വിസ്താരത്തിനുള്ള പട്ടികയും തീയതിയും നിശ്ചയിച്ച് സമൻസ് നൽകും. നടപടികൾ സമയബന്ധിതമായി പൂർത്തിയായാൽ വിചാരണ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവും.
എന്നാൽ, ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നും ഇതിനുശേഷം വിചാരണ തുടങ്ങിയാൽ മതിയെന്നുമുള്ള ആവശ്യം കേസിൽ പ്രതിയായ നടൻ ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ദിലീപും അഭിഭാഷകനും സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ഇതിനാൽ തെളിവിന്റെ സ്വീകാര്യത നഷ്ടപ്പെട്ടെന്നും വാദമുന്നയിച്ച് ദിലീപ് അടുത്ത ദിവസം വിടുതൽ ഹർജി നൽകുമെന്നും സൂചനയുണ്ട്. ഈ നീക്കങ്ങൾ കേസിന്റെ വിചാരണ നീളാനിടയാക്കും.
വിചാരണയെ ബാധിക്കില്ല: രജിസ്ട്രാർ
ജഡ്ജിയുടെ സ്ഥലംമാറ്റം വിചാരണയെ ബാധിക്കില്ലെന്ന് ഹൈക്കോടതി സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ കേരളകൗമുദിയോടു പറഞ്ഞു. ഹണി എം. വർഗീസിനെ കോഴിക്കോട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളുടെ ചുമതലയുള്ള കോടതി ജഡ്ജിയായാണ് മാറ്റുന്നത്. പകരം എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മറ്റൊരാളെ നിയോഗിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസ് പരിഗണിച്ചാണിത്. വിചാരണ നീണ്ടാൽ നിലവിലെ ജഡ്ജി തുടരുന്നതടക്കം തീരുമാനിക്കാനാവും.