മൂവാറ്റുപുഴ: ആറ് വയസുള്ള മകളെ പീഡിപ്പിച്ചതു സംബന്ധിച്ച പരാതിയിൽ പിതാവിനേയും പിതൃസഹോദരിയുടെ രണ്ട് മക്കളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വാളകം വില്ലേജ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാളകം പഞ്ചായത്തിൽ റാക്കാട് സ്വദേശിയേയും ഇയാളുടെ സഹോദരയുടെ രണ്ട് ആൺ മക്കളേയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കഴിഞ്ഞ 15ന് പീഡന വിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. തുടർന്ന് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. പോക്സോ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് മജ്സ്ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ മൂവാറ്റുപുഴ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 6 മാസമായി കുട്ടിയുടെ പിതാവും , സഹോദരി പുത്രന്മാരും ക്രൂരമായി പീഡനം തുടരുകയായിരുന്നു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റഷനു മുന്നിൽ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മാസങ്ങൾക്കു മുമ്പ് പ്രതിയുടെ വീട്ടിലെ വിവിധ ഭാഗങ്ങളിൽ അവിശ്വസനീയമായ രീതിയിൽ തീപിടുത്തം ഉണ്ടായതിന്റെ ദുരൂഹത ഇപ്പോഴും നിലനിൽക്കുമ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരം പുറത്തു വരുന്നത്. കുട്ടിയുടെ മാതാവ് കുടുംബശ്രീ ഭാരവാഹികളോട് കുട്ടിയെ പീഡിപ്പിച്ചുവെന്ന വിവിരം അരിയിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ കുട്ടിക്ക് തുടർ സംരക്ഷണവും നിയമ പരിരക്ഷയും ഒരുക്കി. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുമ്പോൾ പ്രതികളെ സംരക്ഷിക്കുവാനും കുറ്റാരോപണം ഇല്ലാതാക്കുവാനും ചിലർ ശ്രമിക്കുന്നതായി മഹിള അസോസിയേഷൻനേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി അംഗങ്ങളായ ലീല ബാബു, സുജാത സതീശൻ, രേഖ വിനോദ്, വില്ലേജ് സെക്രട്ടറി ഷിനി എൽദോസ്, പ്രസിഡന്റ് ഷെെബി എൽദോ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.