അവിശ്വാസ പ്രമേയം ജനുവരി 3 ന്

അവിശ്വാസത്തിനു മുമ്പെ രാജിയെന്നും സൂചന

കിഴക്കമ്പലം: സാംസ്കാരിക സംഘടനയായ കിഴക്കമ്പലം ട്വന്റി 20 ഭരണത്തിലുള്ള കിഴക്കമ്പലം പഞ്ചായത്തിൽ പ്രസിഡന്റ് കെ.വി ജേക്കബിനെതിരെയുള്ള അവിശ്വാസ പ്രമേയം ജനുവരി 3 ന് ചർച്ചക്കെടുക്കും. അതേ സമയം അവിശാസ പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പെ പ്രസിഡന്റ് രാജി വച്ചേക്കുമെന്നും സൂചനയുണ്ട്. 17 അംഗ പഞ്ചായത്തിലെ 14 പേർ ഒപ്പിട്ടാണ് അവിശ്വാസ നോട്ടീസ് നല്കിയത്. പ്രസിഡന്റെന്ന നിലയിൽ സംഘടനക്കെതിരായി എടുത്ത തീരുമാനങ്ങളാണ് അവിശ്വാസത്തിൽ എത്തിയതെന്നാണ് അംഗങ്ങൾ പറയുന്നത്.

കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിൽ 17 ലും ട്വന്റി - 20 എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പിന്തുണയോടെ മത്സരിച്ചവരാണ് ജയിച്ചത്. ഇവരിൽ നിന്ന് കെ.വി. ജേക്കബിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാത്ത സമിതി ഭരിക്കുന്ന കേരളത്തിലെ ഏക പഞ്ചായത്താണിത്. എന്നാൽ പിന്നീട് രണ്ടു മെമ്പർമാർ കൂറു മാറി. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബും മറുപക്ഷത്തോട് അടുക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയത്തിന് ഹർജിക്കാർ നോട്ടീസ് നൽകി. എന്നാൽ എന്തു വില നൽകിയും അവിശ്വാസ പ്രമേയം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചെന്നും അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാനും ചർച്ച ചെയ്യാനും മതിയായ പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

ജനാധിപത്യം പണാധിപത്യത്തിനു വഴി മാറിയപ്പോൾ സ്വതന്ത്രമായി പ്രവർത്തന സാഹചര്യം നഷ്ടമായതോടെ നേരത്തെ രാജി വയ്ക്കാൻ തീരുമാനിച്ചിരുന്നു. രാജി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല.

കെ.വി ജേക്കബ്



പൊലീസ് സംരക്ഷ ഹർജിയിൽ വിശദീകരണം തേടി

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വസാ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ട്വന്റി - 20 യുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ജിൻസി അജി ഉൾപ്പെടെ 14 അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കിയിരുന്നു.