തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് സ്വകാര്യ ഫ്ലാറ്റിൽ നിന്നും മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതായുളള പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പുറത്തേക്കുളള ഓവ് ചാൽ കോൺഗ്രീറ്റ് ചെയ്തു അടച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഒലിവ് ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും കടമ്പ്രയാറിലേക്ക് ഒഴുകുന്ന ഓവ് ചാലാണ് നഗരസഭ അടച്ചത്.ഫ്ലാറ്റുകാർ മാലിന്യം ആറിലേക്ക് ഒഴിക്കുന്നതായി 2016 മുതൽ പരാതി ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിച്ചിരുന്നു. ഓഗസ്റ്റിൽ മാലിന്യം പുറത്തേക്ക് ഒഴുക്കുന്ന പുറത്തേക്കുളള ഓവ് ചാൽ അടക്കുവാനും ,ടീറ്റ്മെന്റ് പ്ലാനറ്റ് പ്ലാന്റ് പ്രവർത്തന സജ്ജമാക്കി. പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ അനുമതി വാങ്ങി ഹാജരാക്കണമെന്ന് നഗരസഭ നോട്ടീസ് കൊടുത്തെങ്കിലും ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ കണ്ട ഭാവം നടിച്ചില്ല. ഒടുവിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ,ബോണി ബെന്നി,വാർഡ് കൗൺസിലർ റഫീഖ് പൂത്തേലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓവ് ചാൽ കോൺഗ്രീറ്റ് ചെയ്തു അടച്ചു. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ വ്യക്തമാക്കി.