ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ട്രഷറി നിക്ഷേപം പണയംവെച്ച് 500 കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ നീക്കം പാളി. 21 അംഗ ബോർഡിൽ ഭൂരിപക്ഷം പേരും സർക്കാർ നീക്കത്തെ എതിർത്തു.
ക്ഷേമനിധി ബോർഡിന്റെ പക്കൽ 2237 കോടി രൂപ നീക്കിയിരിപ്പുണ്ട്. ഇതിൽ 2000 കോടിയോളം ട്രഷറിയിൽ സ്ഥിരനിക്ഷേപമാണ്. നിക്ഷേപരേഖകൾ പണയം വച്ച് 500 കോടിയാണ് സർക്കാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. അര ശതമാനം പലിശ കൂടുതൽ നൽകാമെന്നായിരുന്നു വാഗ്ദാനം. ബോർഡ് പല ദേശസാൽകൃത ബാങ്കുകളെയും സമീപിച്ചെങ്കിലും കാനറ ബാങ്ക് മാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചത്. പക്ഷേ അതിനായി അവർ പ്രോജക്ട് റിപ്പോർട്ടും 500 കോടിക്ക് 550 കോടിയുടെ നിക്ഷേപരേഖയും ആവശ്യപ്പെട്ടു. വായ്പയെടുത്ത് കൂടുതൽ പലിശയ്ക്ക് കടം കൊടുക്കുന്ന പദ്ധതി ബാങ്കിന് സ്വീകാര്യമായിരുന്നില്ല. കൂടാതെ ബോർഡിന്റെ ആഡിറ്റർമാരും വക്കീലും ഇതിനെ പിന്തുണച്ചില്ല. ഇരുകൂട്ടരെയും ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലേക്കും വിളിച്ചിരുന്നു. നിക്ഷേപം ക്ഷേമപ്രവർത്തനത്തിനല്ലാതെ പണയംവയ്ക്കുന്നത് ചട്ടവിരുദ്ധമെന്നായിരുന്നു ഇവരുടെ ഉപദേശം.
ക്ഷേമനിധി ബോർഡിന് ആദായനികുതി വകുപ്പിന്റെ ഇളവുകൾ ലഭിക്കാറുണ്ട്. നടപ്പുവർഷവും 15 കോടി ഇങ്ങിനെ തിരികെ ലഭിച്ചിട്ടുണ്ട്. സർക്കാരിന് വായ്പ കൊടുക്കാൻ പോയാൽ ഈ ഇളവുകൾ ലഭിക്കില്ലെന്ന ഉപദേശവും ആഡിറ്റർമാർ നൽകിയെന്നാണ് സൂചന. ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.