കൊച്ചി: നിർമ്മാതാക്കളെ അവഹേളിച്ച് സംസാരിച്ചതിൽ യുവനടൻ ഷെയ്ൻ നിഗം മാപ്പ് പറഞ്ഞു. തനിക്കെതിരായ വിലക്കുൾപ്പെടെ വിഷയങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് നിർമ്മാതാക്കൾ, താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുടെ സംഘടനകൾക്ക് നൽകിയ കത്തിൽ ഷെയ്ൻ അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്ത് ചലച്ചിത്രോത്സവത്തിനിടെ നിർമ്മാതാക്കളെ മനോരോഗികൾ എന്ന് ഷെയ്ൻ വിളിച്ചതിനെതുടർന്ന് പ്രശ്നപരിഹാര ചർച്ചകൾ സംഘടനകൾ നിറുത്തിയിരുന്നു. മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നും ഷെയ്‌നിനെ മാറ്റിനിറുത്താൻ ശ്രമിക്കുന്നതിനിടെയാണ് താരസംഘടനയായ അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക എന്നിവയ്ക്ക് മാപ്പ് അപേക്ഷിച്ച് ഷെയ്‌ൻ കത്ത് നൽകിയത്. കത്ത് ലഭിച്ചതായി സംഘടനാ ഭാരവാഹികൾ സ്ഥിരീകരിച്ചു.
ജനുവരിയിൽ ചേരുന്ന അമ്മയുടെ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും. തുടർന്നാകും നിർമ്മാതാക്കളുമായി ചർച്ചയെന്ന് അമ്മ വൃത്തങ്ങൾ പറഞ്ഞു. ഷെയ്‌ൻ അഭിനയിച്ച രണ്ടു സിനിമകളുടെ ചിത്രീകരണവും ഡബ്ബിംഗും പൂർത്തിയാക്കാൻ സഹകരിച്ചാലേ നിർമ്മാതാക്കൾ വിലക്കിൽ നിന്ന് പിന്മാറൂവെന്നാണ് സൂചന. നേരത്തെ ഫേസ്ബുക്ക് വഴി ഷെയ്ൻ ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ നിർമ്മാതാക്കളുടെ സംഘടന തയ്യാറായിരുന്നില്ല.