പറവൂർ : ചെമ്മീൻകെട്ടുകളിൽ നിക്ഷേപിക്കുന്നതിനായി ആവശ്യമായ ചെമ്മീൻകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നൽകുന്നതിൽ കാലതാമസം വരുത്തുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചെമ്മീൻകൃഷി തുടങ്ങേണ്ടത് നവംബർ 14 മുതലാണ്. ഡിസംബർ കഴിയാറായിട്ടും ചെമ്മീൻകുഞ്ഞുങ്ങളെ സർക്കാർ ഹാച്ചറിയിൽ നിന്ന് നൽകിയിട്ടില്ല.
എല്ലാ വർഷവും സർക്കാർ ഹാച്ചറികളിൽ നിന്ന് 60 പൈസ നിരക്കിലാണ് കുഞ്ഞുങ്ങളെ ലഭിച്ചിരുന്നത്. സ്വകാര്യ ഹാച്ചറികളിൽ നിന്ന് ഇതേ ചെമ്മീൻ കുഞ്ഞുങ്ങൾക്ക് 30 പൈസയിൽ താഴെയാണ് വില. ഇതിനാൽ കർഷകർ ചെമ്മീൻ കുഞ്ഞുങ്ങളെ സ്വകാര്യ ഹാച്ചറികളിൽ നിന്നുവാങ്ങി ഫാമുകളിൽ നിക്ഷേപിച്ചുതുടങ്ങും. കേരള അക്വാഫാർമേഴ്സ് ഫെഡറേഷന്റെ ആവശ്യപ്രകാരം സർക്കാർ ചെമ്മീൻ കുഞ്ഞുങ്ങൾക്ക് 40 പൈസയാക്കി കുറച്ചു. കൊല്ലത്തുള്ള സർക്കാർ ഹാച്ചറിയിൽ നിന്നാണ് ചെമ്മീൻകുഞ്ഞുവിതരണം ചെയ്യുന്നത്. ഇത് വളരെ കുറച്ചു കർഷകർക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ. യാഥാസമയത്ത് ചെമ്മീൻകുഞ്ഞുങ്ങളെ കിട്ടാത്തിനാൽ സ്വകാര്യ ഹാച്ചറികളിൽ നിന്നുള്ള കുഞ്ഞുങ്ങളെ വാങ്ങി കർഷകർക്ക് നൽകണമെന്ന് അക്വാ ഫാർമേഴ്സ് ഫെഡറേഷൻ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.