muziris-bazar-
നിർമ്മാണം പൂർത്തിയായിക്കിടക്കുന്ന മുസിരിസ് ബസാർ

പറവൂർ : നഗരത്തിൽ വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിനായി സ്വകാര്യ ബസ്‌സ്റ്റാൻഡിന് പുറകുവശം നിർമ്മിച്ച മുസിരിസ് ബസാറിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. രണ്ടുമാസം മുമ്പ് ബസാറിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും അവസാനനിമിഷം മന്ത്രിയുടെ അസൗകര്യം മൂലം മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി മന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയിട്ടുമില്ല. ഉദ്ഘാടനം നീണ്ടുപോകുന്നതിൽ വഴിയോരക്കച്ചവടക്കാർ അതൃപ്തരാണ്. വഴിയോരക്കച്ചവടക്കാരെ നഗരത്തിലെ പ്രധാന പാതകളിൽ നിന്ന് ഒഴിപ്പിച്ചിട്ട് ഒന്നര വർഷത്തോളമായി . പുനരധിവാസ സൗകര്യമൊരുക്കിയിട്ടും അത് തുറന്നു കിട്ടാത്തതിലുള്ള പ്രതിഷേധം അവർക്കുണ്ട്. ചിലർ വീണ്ടും വഴിയോരക്കച്ചവടം ആരംഭിക്കുകയും ചെയ്തു.

# സംസ്ഥാനത്തെ ആദ്യപദ്ധതി

സംസ്ഥാനത്ത് ആദ്യമായാണ് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി പറവൂർ നഗരസഭ നടപ്പിലാക്കുന്നത്. നഗര ദാരിദ്ര്യനിർമാർജന പദ്ധതിയായ ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ ഭാഗമായുള്ള പദ്ധതിക്ക് പറവൂർ, കാസർകോട് നഗരസഭകൾ മാത്രമാണ് പ്രോജക്ട് സമർപ്പിച്ചത്.

പറവൂർ നഗരസഭയുടെ 38 ലക്ഷം രൂപയുടെ പ്രോജക്ടിന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ അദ്ധ്യക്ഷനായ പ്രോജക്ടിന് അനുവാദംകൊടുക്കുന്ന കമ്മിറ്റി അംഗീകാരം നൽകി. വഴിയോര കച്ചവടക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗരേഖകൾ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഒരുക്കേണ്ടത് നഗരസഭയാണ്.

നഗരത്തിലെ പ്രധാന റോഡായ മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവലവരെ ഉണ്ടായിരുന്ന നൂറോളം വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചിരുന്നു. ഇവരിൽ 24 പേർക്ക് മുസിരിസ് ബസാറിൽ കച്ചവട സൗകര്യമൊരുക്കിയിട്ടുണ്ട്. കട തുങ്ങുന്നതിന് അമ്പതിനായിരം രൂപ വീതം വായ്പ അനുവദിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് വാടകയോ പലിശയോ ഇടാക്കില്ല. മറ്റുള്ളവരെ നഗരമദ്ധ്യത്തിലെത്തന്നെ രണ്ട് കേന്ദ്രങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ജനുവരിയിൽ ഉദ്ഘാടനം

വഴിയോര കച്ചവടക്കാരുടെ ക്രിസ്‌മസ്, പുതുവത്സര കച്ചവടത്തിന് തടസമുണ്ടാകാതിരിക്കാനാണ് ജനുവരി വരെ ഉദ്ഘാടനം നീട്ടിയത്. എതാനും ചില നിർമ്മാണ പ്രവൃത്തികൾ കൂടിയുണ്ടായിരുന്നു. അത് പൂർത്തിയാക്കി. ഉദ്ഘാടനത്തിനായി മന്ത്രിയുടെ തീയതി ലഭിച്ചാൽ ജനുവരി രണ്ടാം വാരത്തിനു മുമ്പ് മുസരിസ് ബസാർ വഴിയോര കച്ചവടക്കാർക്കായി തുറന്നുകൊടുക്കും.

ഡി. രാജ്കുമാർ,

നഗരസഭ ചെയർമാൻ