ആലുവ: രാജ്യത്തിന്റ ഭരണഘടന അട്ടിമറിക്കപ്പെടുമ്പോൾ 'നമുക്ക് ഉറങ്ങാതിരിക്കാം, ഞങ്ങൾ തെരുവിലുറങ്ങാതിരിക്കും' എന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരെ അർദ്ധരാത്രിയിൽ ആലുവ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി.
റെയിൽവേ സ്റ്റേഷനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തി. തുടർന്ന് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലവും സി.എ.എ ബില്ലിന്റെ പകർപ്പും കത്തിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ, ചാലക്കുടി ലോക്സഭ പ്രസിഡന്റ് പി.ബി സുനീർ, ലത്തീഫ് പുഴിത്തറ, തോപ്പിൽ അബു, കെ.കെ ജമാൽ, ഫാസിൽ ഹുസൈൻ, പി.എച്ച് അസ് ലം, പി.ജെ. സുനിൽകുമാർ, ലളിത ഗണേഷ്, എം.എ.എം. മുനീർ, അൽ അമീൻ എന്നിവർ സംസാരിച്ചു.
നേതാക്കളായ അബ്ദുൾ റഷീദ്, മുഹമ്മദ് ഷാഫി, ഹസീം ഖാലിദ്, വിപിൻ ദാസ്, രാജേഷ് പുത്തനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.