കൊച്ചി: കാൽനടയാത്രക്കാർക്ക് മെട്രോ നഗരിയിലെ റോഡുകൾ ചതിക്കുഴികളായി മാറുന്നു. കലൂരിൽ നിന്ന് ടൗൺ ഹാളിന് തൊട്ടുമുമ്പുള്ള ഭാഗം വരെ ജീവൻ പണയപ്പെടുത്തി വേണം കാൽനടക്കാർക്ക് സഞ്ചരിക്കാൻ .പാഞ്ഞു വരുന്ന വാഹനങ്ങൾക്കു മുമ്പിലൂടെ ഭയന്നാണ് വഴിയാത്രക്കാരുടെ സഞ്ചാരം. ദിനംപ്രതി പതിനായിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയിൽ നടപ്പാത നിർമ്മിക്കാൻ പൊതുമരാമത്ത് അധികൃതർക്കാകാത്തത് നഗരത്തിന് നാണക്കേടായി മാറുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന അവസ്ഥയിലാണ് അധികൃതർ.

റോഡിന്റെ ഇരുവശത്തേക്കും കണ്ണോടിക്കുമ്പോൾ കാണുന്ന കാഴ്ചകളിലൂടെ

# ഇന്ത്യൻ എക്സ്പ്രസ്സിന്റെ മുൻവശത്ത് ഒന്നരമീറ്ററോളം ആഴത്തിലും ഒരു മീറ്റർ വീതിയിലും കാന തീർത്തിട്ടുണ്ട്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും സ്ളാബ് ഇടാൻ അധികൃതർക്ക് കഴിഞ്ഞില്ല

# ജഡ്ജസ് അവന്യൂവിലേക്ക് കടക്കുന്ന ഭാഗങ്ങളിലും പ്രധാന റോഡിൽ കാനകൾ ഉണ്ട്. പക്ഷേ സ്ളാബില്ല

# ഹെെവേ ജൂമാ മസ്ജിദിന്റെ ഭാഗങ്ങളിലെ നടപ്പാതകൾ സ്ളാബുകളും ടെെലുകളും ഉൾപ്പെടെ പൂർണ്ണമായും തകർന്നു

# റിസർവ് ബാങ്കിന്റെ മുൻവശത്തെ നടപ്പാതയിലെ ടെെലുകൾ ഇളകി കാൽനടയാത്ര ദുസ്സഹമായി

# ലിസ്സി ആശുപത്രിയുടെ മുൻവശത്ത് റോഡിൽ നടപ്പാതക്കുള്ള ഇടം പോലും ഇട്ടിട്ടില്ല

# കലൂർ മുതൽ മെട്രോ ലിസി സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശത്തും നടപ്പാതകളുടെ അഭാവം

പൊത്തുമരാമത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി: പക്ഷേ ഫലമില്ല

രണ്ടുവർഷമായി ഇവിടെ നടപ്പാതകളില്ലാതെ ജനം വിഷമിക്കുകയാണ്. കാനകൾ നന്നാക്കി സ്ളാബുകൾ തീർത്ത് ടെെൽ വിരിച്ച് മനേഹരമാക്കി മാറ്റേണ്ട പൊതുമരാമത്ത് വകുപ്പ് കടുത്ത നിസ്സംഗതയാണ് കാണിക്കുന്നത്. പലവട്ടം ഞങ്ങൾ ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് . പക്ഷേ പണികൾ തുടങ്ങാനുള്ള പ്രാഥമിക കാര്യങ്ങൾ പോലും ഇതുവരെ അധികൃതർ തുടങ്ങിയിട്ടില്ല.

ഗ്രേസി ജോസഫ് , ഡിവിഷൻ കൗൺസിലർ