ആലുവ: വർഷങ്ങളായി കാടുകയറി ഇഴജന്തുക്കളുടെ താവളമായിരുന്ന ആലുവ മുനിസിപ്പൽ പാർക്ക് വിദ്യാർത്ഥി കൂട്ടായ്മയിൽ വൃത്തിയാക്കി. എങ്കിലും ആവശ്യത്തിന് വെളിച്ചവും വെള്ളവും ഇല്ലാത്തത് ഇവിടെ എത്തുന്ന സന്ദർശകരെ ബുദ്ധിമുട്ടിലാക്കും.
മഹാപ്രളയത്തിനുശേഷം നവീകരണം നിലച്ച പാർക്ക് കാടുകയറി സഞ്ചാരികൾ ഉപേക്ഷിച്ച നിലയിലായിരുന്നു. പാമ്പുകളുടെ താവളമായതോടെ നഗരസഭയും പാർക്കിനെ കൈവിട്ടു. ഇതിനിടെ മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് പാർക്കിന്റെ നവീകരണത്തിന് രംഗത്തെത്തിയത്. നൂറോളം വിദ്യാർത്ഥികൾ ഒരാഴ്ച്ചയോളമെടുത്താണ് പാർക്കിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. കുട്ടികളുടെ കളി ഉപകരണങ്ങൾ പെയിന്റടിച്ച് വൃത്തിയാക്കി.
ബിൽ തുക കുടിശികയായതിനെ തുടർന്ന് വർഷങ്ങളായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ പാർക്കിന്റെ പ്രവർത്തനസമയം നാലുമുതൽ ആറരവരെയാക്കി ചുരുക്കിയിരിക്കുകയാണ്. പാമ്പിന്റെ ശല്യമുള്ളതിനാലാണ് കൂടുതൽ സമയം പാർക്ക് തുറന്നു നൽകാത്തതെന്നും അധികൃതർ പറയുന്നു.
# സമരം നടത്തും
പാർക്കിലേക്ക് ഉടനെ വൈദ്യുതി കണക്ഷൻ നൽകണമെന്നും പാർക്കിനോടുള്ള അവഗണന നഗരസഭ തുടർന്നാൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും എ.ഐ.എസ്.എഫ് ആലുവ മണ്ഡലം ഭാരവാഹികളായ സ്വാലിഹ് അഫ്രീദിയും അലൻ ജോൺസണും അറിയിച്ചു.