ആലുവ: ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 'ആലുവ 2020' യുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര ആകർഷകമായി. ഇതോടനുബന്ധിച്ച് ടൂവീലർ പ്രച്ഛന്നവേഷമത്സരവും നടന്നു.
മുത്തുക്കുടയേന്തിയ സ്ത്രീകൾ, സ്ത്രീകൾ നയിച്ച ചെണ്ടമേളം, ബാന്റ് മേളം, റോളർ സ്കേറ്റിംഗ്, കാവടി, കോൽകളി, നാസിക് ഡോൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. ചന്ദ്രൻ, ടിമ്മി ബേബി, കൗൺസിലർമാരായ എം.ടി. ജേക്കബ്, പി.എം. മൂസാക്കുട്ടി, ലളിതാ ഗണേഷ് എന്നിവർ പങ്കെടുത്തു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, ലത്തീഫ് പൂഴിത്തറ, കെ.സി. ബാബു, വിവിധ സംഘടന നേതാക്കളായ കെ.ജി. ഹരിദാസ്, പി.എ. അബ്ദുൾകെരീം, ഷാജി തേക്കുംകാടൻ, കെ.എം. കുഞ്ഞുമോൻ, എം.എൻ. സത്യദേവൻ, അജ്മൽ കാമ്പായി, അൽബാബ് അസീസ്, എ.ജെ. റിജാസ്, ബാബു കുളങ്ങര, കബീർ കൊടവത്ത്, സി.ഡി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.
നഗരംചുറ്റിയ ഘോഷയാത്ര സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 31ന് വൈകിട്ട് ആറിന് ടൗൺഹാളിന് മുൻവശം സാംസ്‌കാരിക സമ്മേളനവും മെഗാഷോയും നടക്കും. പ്രമുഖ വ്യക്തിത്വങ്ങളെയും 50 വർഷം പൂർത്തിയാക്കിയ വ്യാപാരികളെയും ആദരിക്കും. കരിമരുന്ന് പ്രയോഗം, പപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാവും.
പ്രളയത്തിൽ തകർന്ന വ്യാപാരമേഖലയ്ക്ക് പുതുജീവൻ നൽകുന്നതിനാണ് 15 ദിവസം നീണ്ടുനിൽക്കുന്ന പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന അഖിലകേരള വടംവലി മത്സരത്തിൽ മഹാദേവ തിരുവാല്ലൂർ ചാമ്പ്യന്മാരായി. ഖലാസി കങ്ങരപ്പടിക്കാണ് രണ്ടാം സ്ഥാനം.