കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖല കഞ്ചാവ് മാഫിയയുടെ പിടിയിൽ. ഹൈറേഞ്ചിൽ നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് ഒഴുക്കുന്നതിന്റെ ഇടത്താവളമായി കോതമംഗലം മാറി.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടയിൽ കാറിലെത്തിയ നെല്ലിക്കുഴി സ്വദേശി അമീറിൽ (38) നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. മുൻപ് ഹൈറേഞ്ചിലെ വനാന്തരങ്ങളിൽ കഞ്ചാവ് സുലഭമായി കൃഷി ചെയ്തിരുന്ന കാലത്ത് കൊച്ചിക്കും ഇടുക്കിക്കും ഇടയിലെ പ്രധാന ഇടത്താവളമായിരുന്നു കോതമംഗലം. മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും ആസ്ഥാനമാക്കിയത് ഇവിടെയാണ്. അന്ന് പൊലീസും എക്‌സൈസും ഭഗീരഥപ്രയത്നം നടത്തിയാണ് മാഫിയയെ ഒതുക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴാണ് വീണ്ടും കോതമംഗലം കഞ്ചാവുകടത്തുകാരുടെ ആസ്ഥാനമാകുന്നത്. മുന്തിയതരം നീലച്ചടയൻ കഞ്ചാവ് ഇടുക്കിയിൽ നിന്നാണ് എത്തുന്നത്.
കോതമംഗലം നഗരത്തിലെ കോളേജ് - സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് യഥേഷ്ടം ലഭിക്കും. ഇതര സംസ്ഥാനതെഴിലാളികൾ മുതൽ സ്കൂൾ കുട്ടികൾ വരെയുണ്ട് ഉപഭോക്താക്കളിൽ.
ചില ചില്ലറ കഞ്ചാവ് കച്ചവടക്കാരെ പിടികൂടുകയല്ലാതെ ഇതിന്റെ ഉറവിടം കണ്ടെത്തുവാനോ പ്രധാനികളെ അറസ്റ്റ് ചെയ്യുവാനോ എക്‌സൈസോ പൊലീസോ തയ്യാറാകുന്നില്ല . ക്വട്ടേഷൻ സംഘങ്ങളുടെ അകമ്പടിയോടെയാണ് കഞ്ചാവ് എത്തിക്കുന്നതും വിപണനം നടത്തുന്നതും. ഇവരുടെ ഭീഷണിയുള്ളതിനാൽ സാധാരണക്കാരാരും എതിർക്കാറില്ല.