വൈപ്പിൻ : ചെറായി ബീച്ച് റോഡിന് സമീപം പതിനാറാം വാർഡിൽ പുത്തൻവീട്ടിൽ അശോകന്റെ വസതിക്ക് സമീപത്ത് നിന്ന് മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. രാത്രി 8.30 ഓടെ അശോകൻ മകളുമൊത്ത് വീടിനു പുറത്തിറങ്ങുന്നതിനിടയിലാണ് മലമ്പാമ്പിനെ കണ്ടത്. ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് പിടികൂടി ചാക്കിലാക്കുകയായിരുന്നു. ഒൻപത് അടിയോളം നീളവും 22 കിലോ ഭാരവുമുണ്ട്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഈ പ്രദേശമാകെ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാട് പിടിച്ചു കിടക്കുന്ന ഈ പ്രദേശം വെട്ടിത്തെളിക്കാൻ വേണ്ട അടിയന്തര നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.