മൂവാറ്റുപുഴ: പൗരത്വം സംഘപരിവാർ ഔദാര്യമല്ല ജനതയുടെ അവകാശമാണ് എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നൈറ്റ് മാർച്ച് നടത്തി.യുവാക്കളും , കലാ സാംസ്ക്കാരിക പ്രവർത്തകരും, ജനപ്രതിനിധികളുമുൾപ്പെടെ ബഹു ജനങ്ങൾ അണിനിരന്ന മാർച്ച് ആശ്രമം ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി. നഗരം ചുറ്റി ചാലികടവ് പാലത്തിന് സമീപം സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ഇസ്മയിൽ ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ എ അൻഷാദ്, ചലച്ചിത്ര പ്രവർത്തക ബി അരുന്ധതി, ബ്ലോക്ക് സെക്രട്ടറി സജി ഏലിയാസ്, ബ്ലോക്ക് ട്രഷറർ ഫെബിൻ പി മുസ എന്നിവർ സംസാരിച്ചു. ചലച്ചിത്ര ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ ജയകുമാർ തുടങ്ങിയവർ നൈറ്റ് മാർച്ചിൽ അണി ചേർന്നു.