.കൊച്ചി: പുതുവർഷത്തിന് മുന്നോടിയായി വീടുകളും കടകളും സ്ഥാപനങ്ങളും പ്ളാസ്റ്റിക് ശുചീകരണ യജ്ഞത്തിലാണ്. പ്ളാസ്റ്റിക് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ബുധനാഴ്ച മുതൽ പ്ളാസ്റ്റിക് കാരി ബാഗുകൾ എടുക്കില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചു കഴിഞ്ഞു. എറണാകുളം മാർക്കറ്റിൽ ശരാശരി 40-45 ടൺ പ്ളാസ്റ്റിക് കാരി ബാഗുകളാണ് എത്തുന്നത്. ഇത്രയും പ്ളാസ്റ്റിക്കിന് പകരമെന്തെന്ന ചോദ്യം അവശേഷിക്കുന്നു.
ബ്രഹ്മപുരത്തിന്റെ തണലിൽ കൊച്ചി
ജൈവ, അജൈവ മാലിന്യങ്ങൾ തള്ളാൻ ബ്രഹ്മപുരത്ത് സ്ഥലമുള്ളതിനാൽ പ്ളാസ്റ്റിക് നിരോധനത്തെ കൊച്ചി കോർപ്പറേഷൻ ലാഘവത്തോടെയാണ് കാണുന്നത്. വീടുകളിൽ നിന്നുള്ള പ്ളാസ്റ്റിക് ശേഖരണം തത്കാലം തുടരാനുള്ള തീരുമാനം നഗരവാസികൾക്ക് ആശ്വാസമായി. തട്ടുകടകൾ, വഴിയോര കടകൾ,മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളെയെല്ലാം പ്ളാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു.
# നട്ടംതിരിഞ്ഞ് വ്യാപാരികൾ
പ്ളാസ്റ്റിക് നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് സർക്കാർ തീരുമാനം. മിൽമ പാൽ കവർ, മല്ലിപ്പൊടി, മുളക് പൊടി കവറുകൾ തുടങ്ങിയ പ്ലാസ്റ്റിക് സാധനങ്ങൾക്ക് ഇളവുണ്ട്. ബദൽ സംവിധാനമായി പ്രധാനമായും തുണി ബാഗുകളാണ് വ്യാപാരികളുടെ മുന്നിലുള്ളത്. എന്നാൽ ഇത് ആവശ്യത്തിനുള്ളത്ര ലഭിക്കുമോയെന്ന് ആശങ്കയുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള കടകളിൽ പ്ലാസ്റ്റിക് നിയന്ത്രണം നടപ്പാക്കും. പക്ഷെ അതിന് സമയം ആവശ്യമാണ്. സർക്കാർ മൂന്നു മാസം കൂടി സമയം നീട്ടി നൽകുമെന്നാണ് പ്രതീക്ഷ.
എ.ജെ. റിയാസ്
ജോയിന്റ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി
#നിരോധനപട്ടികയിലുള്ളത്
കാരി ബാഗ്,ടേബിൾമാറ്റ്,പ്ലേറ്റ്,കപ്പ്,സ്പൂൺ,ഫോർക്ക്,സ്‌ട്രോ,സ്റ്റിറർ, ഡിഷ്
#നിയമലംഘകർക്ക് പിഴ
നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 10,000 രൂപയാണ് പിഴ. 50,000 രൂപ വരെ പിഴയീടാക്കാനും സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. കളക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്ര ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാൻ അധികാരമുണ്ട്.
# നടപടിക്ക് ഒരുങ്ങി മുനിസിപ്പാലിറ്റികൾ
പ്ളാസ്റ്റിക് നിരോധനം നടപ്പാക്കാൻ തന്നെയാണ് തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ തീരുമാനം. വീടുകളിൽ നിന്ന് പ്ളാസ്റ്റിക് കാരി ബാഗുകൾ എടുക്കില്ല.
പ്ളാസ്റ്റിക്കിന്റെ കാര്യം ആലോചിക്കുന്നതിനായി വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ യോഗം അടുത്ത ആഴ്ച വിളിച്ചു ചേർക്കാനുള്ള ഒരുക്കത്തിലാണ് ആലുവ മുനിസിപ്പാലിറ്റി അധികൃതർ
ഏലൂർ, കളമശേരി, പറവൂർ മുനിസിപ്പാലിറ്റികൾ കുറച്ചു മാസം കൂടി വീടുകളിൽ നിന്നുള്ള പ്ളാസ്റ്റിക് ശേഖരണം തുടരും.
ഹരിത കർമ്മ സേന വഴി വീടുകളിൽ നിന്ന് കഴുകി ഉണക്കി സൂക്ഷിച്ചിരിക്കുന്ന പ്ളാസ്റ്റിക് ശേഖരിക്കാനാണ് തൃപ്പൂണിത്തുറ, അങ്കമാലി മുനിസിപ്പാലിറ്റികളുടെ തീരുമാനം.