കൊച്ചി: മൂന്നാമത് റോ റോ നിർമ്മിക്കുന്നതിനായി നഗരസഭ ബഡ്ജറ്റിൽ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി മേയർക്ക് നൽകും. 2018 ഏപ്രിൽ 28 ന് ഉദ്‌ഘാടനം ചെയ്ത റോ റോയിൽ രണ്ടെണ്ണം സർവീസ് നടത്തുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണിയുടെ പേരുംപറഞ്ഞ് പലപ്പോഴും ഒന്നു മാത്രമാണ് ഓടുന്നത്. ഒരെണ്ണം രാവിലെ 6 മുതൽ 8 വരെയും മറ്റൊന്ന് രാവിലെ 8.30 മുതൽ രാത്രി 10 വരെയുമാണ്. ഇരു റോറോയും ഓടുന്നത് 8.30 മുതൽ രാത്രി 8 വരെ മാത്രം. ഈ സമയത്ത് ഫോർട്ടുകൊച്ചിയിലും വൈപ്പിൻകരയിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. റോ റോയിലൊന്ന് മുടങ്ങിയാൽ യാത്രാക്ളേശം പതിൻമടങ്ങാകും.

രണ്ടു റോ റോയും സുഗമമായി സർവീസ് നടത്താൻ വേണ്ടിയാണ് മൂന്നാമതൊരു റോ റോ കൂടി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ ചൂണ്ടിക്കാട്ടി. പുതുവർഷ ദിനത്തിലെ തിരക്ക് പരിഗണിച്ച് ഇരു റോ റോയും രാവിലെ 6 മുതൽ രാത്രി 10 വരെ സർവീസ് നടത്താൻ കെ.എസ്.ഐ.എൻ.സി തയ്യാറകണമെന്ന് അവർ ആവശ്യപ്പെട്ടു.