കാലടി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാണിക്കമംഗലം തുറ കാർണിവെൽ മഴവിൽ 2020ന് 30 ന് മാണിക്കമംഗലത്ത് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാർണിവെല്ലിന്റെ ഇല്യൂമിനേഷൻ സ്വിച്ച് ഓൺ നാളെ (തിങ്കൾ) വൈകിട്ട് 6ന് കവി.എസ്‌. രമേശൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി അദ്ധ്യക്ഷത വഹിക്കും. ഫാർമേഴ്സ് സഹകരണബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് ശേഷം 7.30 ന് നാടൻപാട്ടുകൾ, നാട്ടരങ്ങ് എന്നിവയും ഉണ്ടായിരിക്കും. 31ന് വൈകിട്ട് 5ന് കാർണിവെൽ റാലി നടക്കും. 6ന് സാംസ്കാരികസമ്മേളനം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹൻ, ബ്ലോക്ക് വികസനകാര്യ ചെയർമാൻ ടി.പി. ജോർജ്, സി.കെ. സലിംകുമാർ, എന്നിവർ പങ്കെടുക്കും. തുടർന്ന് 8 ന് നാടൻപാട്ടുകളും നാടൻ ദൃശ്യങ്ങളുമായി പകർന്നാട്ടം അരങ്ങേറും. രാത്രി 11.30 മുതൽ പുതുവത്സരാഘോഷങ്ങൾ നടക്കും. വെടിക്കെട്ടും പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കലും നടക്കും. ജനുവരി ഒന്നിന് നടക്കുന്ന സമാപന സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ധർമ്മരാജ് അടാട്ട് മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് വാലസ് പോൾ തുറവികസന മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ സമ്മാനങ്ങൾ വിതരണം ചെയ്യും. രാത്രി 8 ന് കോമഡി സൂപ്പർനൈറ്റ്, ഗാനമേള, കൂപ്പൺ നറുക്കെടുപ്പ്. ട്രഷറർ ബിജു മാണിക്കമംഗലം സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജെ. രാജേഷ് നന്ദിയും പറയും.