പറവൂർ : മുസിരിസ് ഹെറിറ്റേജ് ഡവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും മുസിരിസ് പൈതൃകപദ്ധതിയും ചേർന്ന് നടത്തുന്ന ‘ഗോതുരുത്ത് ഫെസ്റ്റ് – 2020 ഇന്ന് തുടങ്ങും. സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. നാലു ദിനങ്ങളിലായി ചവിട്ടുനാടകം, മാർഗംകളി, നാടൻപാട്ടുകൾ തുടങ്ങിയ പൈതൃക കലകൾ അരങ്ങേറും. മുസിരിസ് പൈതൃക പ്രദേശങ്ങളിലെയും കേരളത്തിലെയും പൗരാണിക കലകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പതിനൊന്നാം വർഷമാണ് ഫെസ്റ്റ് നടത്തുന്നത്. മുസിരിസ് പൈതൃകപദ്ധതിയിൽ ഗോതുരുത്തിൽ നിർമിച്ച ബോട്ടുജെട്ടി ഇന്ന് വൈകിട്ട് ആറിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻകലാരൂപങ്ങൾ അരങ്ങേറുന്ന ‘ഗോമൂസ് 2019’ന് തിരശീല ഉയരും. 30ന് ചവിട്ടുനാടകം, മാർഗംകളി, നാടൻപാട്ടുകൾ എന്നിവ നടക്കും. 31ന് വൈകിട്ട് അഞ്ചിന് ഗോതുരുത്തിലെ 80വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസിനെ ആദരിക്കും, 6ന് ഫെസ്റ്റ് ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിക്കും. കെ.വി. തോമസ് മുഖ്യാതിഥിയാകും. ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് ബുള്ളറ്റ് റാലി, ഗോതുരുത്ത് കാർണിവെൽ. ആറിന് സാംസ്കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതീക്ഷ സ്നേഹവീട് പദ്ധതിയിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പണിത 19 വീടുകളുടെ സമർപ്പണം ചടങ്ങിൽ നടക്കും. തുടർന്ന് വിവിധ കലാരൂപങ്ങൾ കോർത്തിണക്കി വിസ്മയരാവ് 2020 നടക്കും. മേള നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ കോട്ടപ്പുറം കോട്ടയിലേക്ക് പെരിയാർ ബോട്ടിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.