കോലഞ്ചേരി: കടമ്പ്രയാറിൽ നിന്നും മോഷ്ടിച്ച ഹെൽമെറ്റ് വില്ക്കാൻ ഓൺ ലൈൻ സൈറ്റിൽ പരസ്യം നല്കിയ പതിനഞ്ചുകാരനെ പിടികൂടി താക്കീതു നല്കി പൊലീസ് വിട്ടയച്ചു. 5000 രൂപ വില വരുന്ന ഹെൽമെറ്റാണ് മോഷ്ടിച്ചത്. ഒ.എൽ.എക്സ് സൈറ്റു വഴി ഫോൺ നമ്പറിടാതെ ഓഫർ വില ചോദിച്ചായിരുന്നു പരസ്യം. ഹെൽമെറ്റ് നഷ്ടപ്പെട്ടവർ സൈറ്റിൽ 2000 രൂപ വില പറഞ്ഞതോടെ ഫോൺ നമ്പറടക്കം നല്കി. വാങ്ങാനായി എത്തിയപ്പോഴാണ് കുട്ടി മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസിൽ അറിയിച്ചതോടെ ,ഹെൽമെറ്റ് ഉടമയ്ക്ക് തിരികെ നൽകി കുട്ടിയെ വിട്ടയച്ചു.

ബൈക്കിലെ പിൻ യാത്രക്കാരനും കുട്ടികൾക്കും ഹെൽമെ​റ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് മോഷണം വ്യാപകമായത്.

ബൈക്കുകളിൽ നിന്നുമാണ് മോഷണം കൂടുതലായി നടക്കുന്നത്.

റോഡരുകിൽ പാർക്ക് ചെയ്യുന്ന ബൈക്കിൽ ഇപ്പോൾ മൂന്നു ഹെൽമെ​റ്റ് വരെ ഉണ്ടാകാറുണ്ട്. ഇതിൽ നിന്നാണ് പലപ്പോഴും ഒരെണ്ണം കാണാതാകുന്നത്.

തെരുവിൽ ഹെൽമെ​റ്റ് വിൽക്കുന്ന ഇതര സംസ്ഥാനക്കാരടക്കം മോഷണം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം

സ്കൂട്ടറുകളിൽ ഹെൽമെറ്റ് സുരക്ഷിതമായു വയ്ക്കാനിടമുണ്ട് ബൈക്കുകാരാണ് വലയുന്നത്.

ടൗണിലെ സ്റ്റേഷനുകളിൽ ഹെൽമെറ്റ് മോഷണ പരാതികൾ നിരവധി എത്തുന്നുണ്ട്. വേണ്ടത്ര തെളിവില്ലാതെ ആർക്കെതിരെയും നടപടിക്ക് മുതിരാൻ പൊലീസിന് കഴിയുന്നില്ല.

യാത്രക്കാർ തന്നെ ജാഗ്രത പാലിച്ചാൽ മാത്രമാണ് മോഷണത്തിന് തടയിടാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.