കൊച്ചി: നവ വത്സര ആഘോഷങ്ങൾ നടക്കുന്ന ഫോർട്ട്‌കൊച്ചി ഇക്കുറി പുതുവർഷത്തെ വരവേൽക്കുക ഒരു പുത്തൻ മാതൃക സൃഷ്ടിച്ചാകും. കൊച്ചിൻ കാർണിവൽ ഇപ്രാവശ്യം സമ്പൂർണ ഗ്രീൻ കാർണിവലായാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയാണ് ഈ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം, കേരള ശുചിത്വ മിഷൻ, ഐ.എം.എ, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, ഹരിത കേരളം, എൻ.എച്ച്.എം, എം.വി.ഡി, ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മുന്നേറ്റമാകും ഇത്തവണത്തെ ആഘോഷപരിപാടികളെന്ന് കേരള ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൾറഹിം പറഞ്ഞു.
ഗ്രീൻ കൊച്ചി മിഷൻ
കൊച്ചിയെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗ്രീൻ കൊച്ചി മിഷന്റെ ആദ്യത്തെ ശ്രദ്ധേയ പരിപാടിയാണ് ഗ്രീൻ കാർണിവൽ.കൊച്ചി നഗരത്തിൽ നിലവിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ ജൈവം, അജൈവം എന്നിവയായി തരം തിരിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ പുന ചംക്രമണം ചെയ്യുകയും മറ്റു മാലിന്യങ്ങൾ ജൈവവളമായി മാറ്റുകയും ചെയ്യും.
ക്ലിനിംഗ്ചലഞ്ച് ജനുവരി രണ്ടിന്
ഫോർട്ട് കൊച്ചിയിൽ പലയിടങ്ങളിൽ നടക്കുന്ന ചെറു കാർണിവലുകളിലും ഈ പ്രോട്ടോക്കോൾ തുടരും. ജനുവരി 2ന് നടക്കുന്ന ക്ലിനിംഗ് ചലഞ്ചായിരിക്കും ഏറ്റവും ശ്രദ്ധേയം.രാവിലെ 6 മുതൽ 8 വരെ നടക്കുന്ന ശുചീകരണത്തിൽ പ്രാദേശിക പങ്കാളിത്തമാണ് ഉറപ്പാക്കും. കൊച്ചി മൂവ്‌മെന്റിനായി ഗ്രീൻ കമാൻഡോ എന്ന പേരിൽ വിപുലമായ വാളണ്ടിയർ സംഘത്തിനും രൂപം നൽകുന്നുണ്ട്.